വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റം; സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ലീഗ്‌

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കുന്നതിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണെന്നും ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എംപിമാര്‍ ലോകസഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനം യുക്തിഭദ്രമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം ഭരണഘടനാ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ്. ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. വിഷയത്തില്‍ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല. ഏകീകൃത സിവില്‍ കോഡിലേക്കുള്ള കാല്‍വെപ്പാണിതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ആരോപിച്ചു. വിവാഹം കഴിഞ്ഞാല്‍ ഉടനെ പഠനം നിര്‍ത്തുന്ന രാജ്യമാണ് നമ്മുടേതെന്ന വിലയിരുത്തല്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.