വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് വേമ്പനാട് കായലിൽ മുങ്ങി

ആലപ്പുഴ: ആലപ്പുഴയിൽ വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി വേമ്പനാട് കായലിൽ മുങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്. മണൽത്തിട്ടയിൽ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളും ബോട്ട് ജീവനക്കാരുമാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.

ബോട്ട് പകുതിയോളം വെള്ളത്തിലേക്ക് മുങ്ങിയപ്പോഴേക്കും സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാർ പെട്ടെന്ന് തന്നെ എത്തി. ഇത് വലിയ അപകടം ഒഴിവാക്കി. ആലപ്പുഴ സായിക്ക് സമീപത്തെ റിസോർട്ടിൽ നിന്ന് കന്നിട്ട ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്‌ബോട്ട് ആണ് മുങ്ങിയത്.

സിംഗിൾ ബെഡ് റൂമിന്റെ ഹൗസ് ബോട്ടിൽ ജീവനക്കാർ ഉൾപ്പടെ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളും രേഖകളും ഇല്ലാത്ത ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.