1971 ലെ യുദ്ധവിജയം; ദേശീയ യുദ്ധ സ്മാരകത്തിൽ ജവാന്മാർക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 1971 ൽ പാകിസ്താനെതിരെ ഇന്ത്യൻ സൈനികർ നേടിയ യുദ്ധ വിജയത്തിന്റെ സ്മരണകളിൽ രാജ്യം. ഡൽഹിയിൽ ദേശീയ യുദ്ധ സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പങ്കെടുത്തു. നാവികസേനാ മേധാവിയും വ്യോമസേനാ മേധാവിയും കരസേനാ മേധാവിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. ജവാന്മാർക്ക് അദ്ദേഹം ആദരവ് അറിയിക്കുകയും ചെയ്തു.

സിയാച്ചിൻ, കന്യാകുമാരി, ലോംഗേവാല, അഗർത്തല എന്നീ രാജ്യത്തിന്റെ നാല് അതിർത്തികളിൽ നിന്നും എത്തിച്ച ദീപശിഖകൾ അമർ ജവാൻ ജ്യോതിയിൽ ലയിപ്പിക്കുകയും ചെയ്തു. ഈ സുവർണ്ണ വിജയ് ദിനത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയേയും ത്യാഗത്തേയും സ്മരിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ യുദ്ധ വിജയത്തിന് ശേഷം പാക് സൈന്യം കരാറിൽ ഒപ്പിടുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

സൈനികർക്കുള്ള ആദരവിന്റെ ഭാഗമായി രാജ്യം പ്രത്യേക സ്റ്റാപുകളും പുറത്തിറക്കി. 1971 യുദ്ധവിജയത്തിന്റെ 50-ാം വാർഷികത്തിൽ ഇന്ത്യയിലും ബംഗ്ലാദേശിലും വിവിധ പരിപാടികളാണ് നടക്കുന്നത്.