1971-ഇന്ത്യന്‍ ചരിത്രത്തിലെ മറക്കാനാവാത്ത ഏട്; വിജയ് ദിവസില്‍ ഇന്ദിരാ ഗാന്ധിയേയും ഓര്‍ക്കണമെന്ന് സോണിയ

ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ച് മറക്കാനാവാത്ത ഒരദ്ധ്യായമാണ് 1971ലെ ഇന്ത്യാ-പാക് യുദ്ധം. പാകിസ്ഥാന്‍ ഇന്ത്യക്കു മുന്നില്‍ അടിയറവ് പറഞ്ഞതിന്റെ വാര്‍ഷിക ദിനമായ ഇന്ന് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും ഓര്‍ക്കണമെന്ന് കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

1971 ഡിസംബര്‍ 16ന് 92000ഓളം പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങുകയും അന്നത്തെ കിഴക്കന്‍ പാകിസ്ഥാന്‍ ആയിരുന്ന ബംഗ്‌ളാദേശിനെ പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്തിരുന്നു. ഇന്നേ ദിവസം വിജയ് ദിവസായി ഇന്ത്യയും ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ ഭര്‍ത്തൃമാതാവിനെ അഭിമാനത്തോടെ ഓര്‍ത്ത സോണിയ, ബംഗ്‌ളാദേശിന് സ്വാതന്ത്ര്യം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മറ്റ് ലോകരാജ്യങ്ങളെ ബോധവാന്മാരാക്കുന്നതില്‍ ഇന്ദിര ഗാന്ധി വളരെ വലിയ പങ്കാണ് വഹിച്ചതെന്ന് സൂചിപ്പിച്ചു. ബംഗ്‌ളാദേശിനെ സ്വതന്ത്രമാക്കുന്നതില്‍ ഇന്ത്യ വഹിച്ച പങ്കിനെ സ്മരിച്ചു കൊണ്ട് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി യായിരുന്ന ഇന്ദിരാ ഗാന്ധിക്ക് ‘ബംഗ്‌ളാദേശ് ഫ്രീഡം ഓണര്‍’ പുരസ്‌കാരം നല്‍കി ബംഗ്‌ളാദേശ് ആദരിച്ചിരുന്നു.

അരനൂറ്റാണ്ടിനപ്പുറം ബംഗ്‌ളാദേശിലെ ധീരരായ ജനത സ്വാതന്ത്ര്യം നേടിയെടുത്തുവെന്നും അവരോടൊപ്പം നിന്ന ഇന്ത്യ ഒരു കോടിയോളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയമായി തീര്‍ന്നെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഈ ദിവസത്തില്‍ ബംഗ്‌ളാദേശിന്റെ സ്വാതന്ത്ര്യ സമരസേനാനികളെയും ഓര്‍ക്കണമെന്നത് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.