സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്‌

കൊച്ചി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്നും നാളെയും രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു.

യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സ്(യു.എഫ്.ബി.യു)ന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ബാങ്കിങ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

എസ്.ബി.ഐ, പി.എന്‍.ബി, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ആര്‍.ബി.എല്‍ തുടങ്ങിയ ബാങ്കുകളില്‍ ഇടപാടുകള്‍ ഇന്നും നാളെയും തടസ്സപ്പെട്ടേക്കാം. അതേസമയം, പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു. രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.