ലക്ഷദ്വീപ് ടൂറിസം വികസനത്തില്‍; ബീച്ച് വാട്ടര്‍ വില്ലകള്‍ നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

കൊച്ചി: ലക്ഷദ്വീപ് ടൂറിസം വികസനത്തിന്റെ ഭാഗമായി ബീച്ച് വാട്ടര്‍ വില്ലകള്‍ നിര്‍മ്മിക്കുന്നതിനായി ഭരണകൂടം നിക്ഷേപക സമ്മേളനം നടത്തി. മിനിക്കോയിയില്‍ 150, കടമത്ത് 110, സുഹേലിയില്‍ 110 എന്നിങ്ങനെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും വില്ലകള്‍ നിര്‍മ്മിക്കുക.

ജൂലായില്‍ പദ്ധതിക്കായി ആഗോള ടെണ്ടര്‍ വിളിച്ചിരുന്നു. നിക്ഷേപകര്‍ക്ക് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് സമ്മേളനം നടത്തിയത്. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ്, ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവരും ലക്ഷദ്വീപിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

സെപ്തംബര്‍ 17നാണ് ലേലം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് മൂന്ന് വര്‍ഷം ലഭിക്കും. 72 വര്‍ഷത്തേക്കുള്ള നടത്തിപ്പ് ചുമതലയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. നിക്ഷേപകരുമായി തുല്യപങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.