മരംമുറി കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണ്; രൂക്ഷ വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരംമുറി കേസിൽ പ്രധാന രേഖകൾ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറി നിർബന്ധിത അവധിയെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോയെന്ന് അദ്ദേഹം ചോദിച്ചു.

നിയമസഭ കയ്യാങ്കളി കേസിൽ സി പി എമ്മിന്റേത് ദുർബല വാദമാണെന്നും വി ഡി സതീശൻ വിമർശിച്ചു. കെ എം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഉമ്മൻ ചാണ്ടി ബഡ്ജറ്റ് അവതരിപ്പിച്ചാൽ എതിർക്കില്ലെന്ന് സി പി എം വ്യക്തമാക്കിയിരുന്നു. അത് തെളിയിക്കുന്ന സഭാ രേഖയുണ്ട്. സി പി എം മറന്നാലും ജോസ് കെ മാണി അത് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ സംസ്ഥാനത്ത് പെരുകുകയാണ്. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലഹരി മരുന്നിന്റെ വ്യാപനം തടയണം. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കടത്ത് കേസ് അന്വേഷണത്തെ കുറിച്ചും കുഴൽപ്പണ കേസിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണ്. കേന്ദ്രവും സംസ്ഥാനവുമുള്ള ഒത്തുകളി സംശയം ശക്തമാവുകയാണ്. കുഴൽപ്പണ കേസന്വേഷണവും ലാഘവത്തിലാണ്. മുവാറ്റുപുഴ പോക്സോ കേസിലെ മാത്യു കുഴൽനാടന്റെ ഇടപെടൽ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്ന ഡി വൈ എഫ് ഐക്കാർ ആദ്യം വണ്ടി പെരിയാറിലും പിന്നീട് വടകരയിലും പോകണമെന്നും അദ്ദേഹം പരിഹസിച്ചു.

ഐ സി എം ആർ മാനദണ്ഡമനുസരിച്ച് കോവിഡ് മരണ നിരക്ക് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മരണ നിരക്ക് സംബന്ധിച്ച് വ്യക്തമായ ഉത്തരം സർക്കാർ നൽകുന്നില്ല. ഒന്നാം തരംഗത്തിലേയും രണ്ടാം തരംഗത്തിലേയും മരണത്തിന്റെ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.