ദിലീപിനെ നായകനാക്കി അംബാനിയുടെ ആരാധകന്റെ കഥ സിനിമയാക്കാനുള്ള പദ്ധതിയില്‍ ഒമര്‍ലുലു. ദിലീപിന്റെ ചിത്രത്തിനൊപ്പം താന്‍ പങ്കുവച്ച അംബാനി എന്ന സിനിമാ പോസ്റ്റര്‍ ഒരാരാധകന്‍ അയച്ചുതന്നതാണെന്നും ഒമര്‍ലുലു പറഞ്ഞു.
ഒമറിന്റെ വാക്കുകള്‍- ദിലീപേട്ടനെ നായകനാക്കി ചിത്രം ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ആഷിക്ക് എന്നൊരാള്‍ കമന്റായി ചോദിച്ചിരുന്നു. ‘അംബാനി’ എന്നൊരു ചിത്രം മനസ്സിലുണ്ട് എന്ന് ഞാന്‍ മറുപടിയായി പറയുകയും ചെയ്തു. അത് കണ്ടിട്ടാണ് അവര്‍ അംബാനി എന്ന പേരില്‍ ദിലീപേട്ടന്റെ പടം വച്ച് ഒരു മാസ് പോസ്റ്റര്‍ ചെയ്തു അയച്ചത്. ആ ചിത്രം വൈറല്‍ ആയി.’യഥാര്‍ഥത്തില്‍ ഈ പ്രോജക്ടിന്റെ കഥ പോലും ആയിട്ടില്ല. എന്റെ മനസില്‍ അങ്ങനെ ഒരു ആശയം ഉണ്ട്. അത് ദിലീപേട്ടന്‍ തന്നെ ചെയ്യണമെന്നുമാണ് ആഗ്രഹം. എന്തായാലും ഇത് വൈറല്‍ ആയ സ്ഥിതിക്ക് ഉടന്‍ തന്നെ ദിലീപേട്ടനോട് ഈ പ്രോജക്ട് സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.”ഈ പോസ്റ്റര്‍ കണ്ടു ഒരുപാടുപേര് വിളിച്ചു.
ഇത് മുകേഷ് അംബാനിയുടെ കഥയാണോ, അനില്‍ അംബാനിയുടെ കഥയാണോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്റെ മനസ്സില്‍ അംബാനി ആകാന്‍ നടക്കുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള കഥയാണ് ഉള്ളത്. വലിയ ബിസിനസുകാരാകാന്‍ നടക്കുന്ന ഏതൊരാളും ഇടയ്‌ക്കെങ്കിലും പല കാര്യങ്ങള്‍ക്കും അംബാനിയുടെ പേര് ചേര്‍ത്ത് പറയാറുണ്ട്. അങ്ങനെ എന്തിനും ഏതിനും അംബാനിയുടെ പേര് ചേര്‍ത്ത് പറയുന്ന ഒരാള്‍. അയാളെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് അംബാനി. ഒരു ത്രില്ലര്‍ ആയി ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നത്. ഇന്നിപ്പോള്‍ ജൂലൈ ആറ്, ധീരുഭായ് അംബാനി മരിച്ച ദിവസമാണെന്ന് യാദൃച്ഛികമായി ഗൂഗിളില്‍ നിന്നും നോട്ടിഫിക്കേഷന്‍ വന്നു. എന്നാല്‍ പിന്നെ ഇത് ഇന്ന് തന്നെ ഉറപ്പിക്കാം എന്ന് കരുതി. ഇനിയിപ്പോ ദിലീപേട്ടനോട് സംസാരിച്ച് മുന്നോട്ട് പോകണം’.

