നിയമസഭാ കയ്യാങ്കളിക്കേസ് : സുപ്രിംകോടതിയുടെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനേറ്റ അടിയാണെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രിംകോടതിയുടെ പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ എം മാണിയെ അഴിമതിക്കാരനെന്ന് സുപ്രീം കോടതിയിലും എല്‍ ഡി എഫ് ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയവും ദു:ഖകരവുമാണ് എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മാത്രമല്ല, അക്രമ സംഭവങ്ങള്‍ക്കു നേതൃത്വം നല്‍കിയവര്‍ തന്നെ കേസ്പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത് സംസ്ഥാനത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തിനു അപമാനകരമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.

അന്നത്തെ പ്രതിപക്ഷത്തിനും സി.പി.എമ്മിനും ഏറ്റ കനത്ത തിരിച്ചടിയാണ് നിയമസഭാകയ്യാങ്കളിക്കേസ് റദ്ദാക്കണമെന്ന ഈ സര്‍ക്കാരിന്റെ ആവശ്യത്തിനെതിരെ സുപ്രീംകോടതി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍. നിലവിലെ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരെ രക്ഷപ്പെടുത്താനും പാര്ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യം. എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന കോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്. ഹൈക്കോടതിവിധിക്കെതിരെയാണ് ജനങ്ങളുടെ പണമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയിരിക്കുന്നത്. ഇതിന് രാജ്യത്തിന്റെ നിയമവ്യവസ്ഥയും ജനങ്ങളും മാപ്പുനല്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.