അസ്ട്രാസെനകയുടെ കോവിഡ് വാക്‌സിനുകൾ വിപണിയിൽ നിന്നും പിൻവലിച്ചു

മുംബൈ: വിപണിയിൽ നിന്നും അസ്ട്രാസെനകയുടെ കോവിഡ് വാക്‌സിനുകൾ പിൻവലിച്ചു. നേരത്തേ വാക്‌സിനു പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാക്‌സിൻ വിപണിയിൽ നിന്നും പിൻവലിക്കുന്നത്.

വ്യവസായ കാരണങ്ങളാലാണ് വിപണിയിൽ നിന്നും വാക്‌സിൻ പിൻവലിച്ചതെന്നാണ് വിശദീകരണം. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിലാണ് വാക്‌സിൻ പുറത്തിറക്കിയത്.

ഓക്‌സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്‌സിനാണ് കോവിഷീൽഡ്.

യുകെയിൽ നിന്നുള്ള ജാമി സ്‌കോട്ട് എന്നയാൾ കോവിഷീൽഡ് സ്വീകരിച്ചപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്‌സിനെ സംബന്ധിച്ച ആശങ്കകൾ സൃഷ്ടിച്ചിരിക്കുന്നത്. ജാമി സ്‌കോട്ടിന്റെ പരാതി ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയിൽ നൽകിയത്.

കോവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയിൽ വ്യക്തമാക്കിയത്.