ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി കൊടുത്തുകൊള്ളാം; മുരളീധരന് മറുപടിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് കെ മുരളീധരന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി കൊടുത്തുകൊള്ളാമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്റ്റാർ ക്യാംപയിനേഴ്‌സ് പട്ടികയിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടുത്തിയവരുടെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ വരില്ലെന്ന സാമാന്യ വിവരം അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കാമായിരുന്നുവെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

ഹെലികോപ്ടറിൽ പണം കടത്തിയിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കൾ അറിയണമായിരുന്നു. മോദിക്കെതിരെ യുദ്ധം ചെയ്യാൻ താൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലെയും മോദി വിരുദ്ധ പണച്ചാക്കുകളിൽ നിന്ന് താങ്കൾ പത്തു കോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്ന് കേൾക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.