കനയ്യ കുമാറിന് ദേശീയ തലത്തിൽ ചുമതല നൽകി കോൺഗ്രസ്; തീരുമാനം ഹൈക്കമാൻഡിന്റേത്

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യ കുമാറിന് ദേശീയ തലത്തിൽ ചുമതല നൽകി കോൺഗ്രസ് ഹൈക്കമാന്റ്. എൻഎസ്‌യു ചുമതലയുളള എഐസിസി ഭാരവാഹിയായാണ് കനയ്യ കുമാറിന് ചുമതല നൽകിയിരിക്കുന്നത്. കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ വിട്ടാണ് കനയ്യ കുമാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. 2021 ലായിരുന്നു കനയ്യ കുമാർ സിപിഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ എത്തിയത്. രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ എന്നതിനാലാണ് പാർട്ടി മാറിയതെന്നായിരുന്നു കനയ്യ കുമാറിന്റെ വിശദീകരണം.

തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നെയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണെന്നും സിപിഐയോട് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.