ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി അജിത് പവാർ പക്ഷം

മുംബൈ: എൻസിപി പിളർന്നതിന് പിന്നാലെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം വ്യക്തമാക്കിയിട്ടുള്ളത്. ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് അജിത് പവാർ പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ, പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാർ- അജിത് പവാർ പക്ഷങ്ങൾ. പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകി. 40 എംഎൽഎമാരുടെ പിന്തുണ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

അതേസമയം, ശരദ് പവാറിനെതിരെ അജിത് പവാർ രൂക്ഷ വിമർശനം ഉന്നയിച്ചു. ശരദ് പവാർ വിരമിക്കണം. 83 വയസ്സായി. എന്നാണ് ഇതൊക്കെ നിർത്തുകയെന്ന് അദ്ദേഹം ചോദിക്കുന്നു. റിട്ടയർമെൻറ് പ്രായം എല്ലാവർക്കും ഉണ്ട് .ഐഎഎസ്സുകാർ 60 വയസ്സിൽ വിരമിക്കുന്നുവെന്നും ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.