ഇരുപത് വർഷത്തിനിടയിൽ ആദ്യം; ദേശീയപാതയിൽ ബാലരാമപുരത്തെ ഗതാഗതക്കുരുക്കിന് പരിഹാരം

ബാലരാമപുരം: ദേശീയപാതയിൽ ബാലരാമപുരത്തെ ഗതാഗതക്കുരുക്കിന് പരിഹാരം. കഴക്കൂട്ടം കാരോട് ബൈപ്പാസ് ഗതാഗതത്തിനായി തുറന്ന് കൊടുത്ത് ആഴ്ച്ചകൾ പിന്നിട്ടതോടെയാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞത്.

ബാലരാമപുരം വഴിയുള്ള നാൽപ്പത് ശതമാനം വാഹനങ്ങളും കാരോട് ബൈപ്പാസിലേക്ക് വഴിമാറി. ഇതോടെയാണ് പീക്ക് അവറുകളിൽ ബാലരാമപുരത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ബാലരാമപുരത്ത് ഇത്രയും തിരക്കൊഴിയുന്ന കാഴ്ച്ച ആദ്യമായാണ് കാണാൻ കഴിയുന്നത്.

മണിക്കൂറുകളോളം നേരമാണ് രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 മണി വരെയും ബാലരാമപുരത്ത് ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നത്. എന്നാൽ, നിലവിൽ അഞ്ച് മിനിട്ടിൽ താഴെയാണ് ഗതാഗതം തടസ്സപ്പെടുന്നത്. പാറശ്ശാല, നെയ്യാറ്റിൻകര, നെല്ലിമൂട്, പൂവ്വാർ, കാഞ്ഞിരംകുളം, കളിയിക്കാവിള, നാഗർകോവിൽ ഭാഗത്ത് നിന്നുള്ള ഭൂരിഭാഗം വാഹനങ്ങളുടെ സഞ്ചാരപഥം ഇപ്പോൾ കാരോട് ബൈപ്പാസ് വഴിയാണ്. ദീർഘദൂര സർവ്വീസുകളായ ബാംഗ്ലൂർ, ചെന്നൈ ടൂറിസ്റ്റ് ബസുകളും കാരോട് വഴിയാണ് പോകുന്നത്. കൊടിനട-വഴിമുക്ക് പാതവികസനം സാദ്ധ്യമാകുന്നതോടെ ബാലരാമപുരത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.