വിമൺ ക്യാറ്റിൽ കെയർ നിയമനം; അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ക്ഷീരവികസന വകുപ്പ് മിൽക്ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതി നടപ്പാക്കുന്നതിന് വാത്തിക്കുടി, ഇടുക്കി, നെടുങ്കണ്ടം, കട്ടപ്പന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ 10 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിമൺ ക്യാറ്റിൽ കെയർ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് നൽകും. അപേക്ഷകൾ നിർദിഷ്ട മാതൃകയിൽ തയ്യാറാക്കി അതാത് യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായമുളളവരും കുറഞ്ഞത് 10ാം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീരസഹകരണ സംഘങ്ങളിൽ അംഗങ്ങളായ വനിതകളായിരിക്കണം.

വിമൺ ക്യാറ്റിൽ കെയർ വർക്കറായി മുൻപ് സേവനം അനുഷ്ഠിച്ചവർക്ക് ആ സേവനകാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർ എസ്എസ്എഎൽസി ബുക്കിന്റെ പകർപ്പ് (ആദ്യ പേജ്, മാർക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമർപ്പിക്കണം. അഭിമുഖം തൊടുപുഴ സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് ജൂലൈ 5 പകൽ 11 മണിക്ക് നടത്തും. ഇന്റർവ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് പരിശീലനം നൽകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 03 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് അതാത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.