ജി ശക്തിധരന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗമായ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി ശക്തിധരന്റെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവുകൾ സഹിതമാണ് അദ്ദേഹം സംസാരിച്ചത്. ഇത്രയും വ്യക്തമായ ആരോപണം ഉന്നയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് അദ്ദേഹം വിമർശിച്ചു.

ശക്തിധരന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഏതോ ഒരു പയ്യനെക്കൊണ്ട് പൊലീസ് ഭീഷണിപ്പെടുത്തി തനിക്കെതിരെ പറയിപ്പിച്ച പത്ത് ലക്ഷത്തിന്റെ കേസ് വിജിലൻസ് അന്വേഷിക്കുകയാണ്. എന്തേ ഈ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താത്തത്. 1500 കോടിയുടെ എസ്റ്റേറ്റ് കരസ്ഥമാക്കിയെന്ന് രേഖവച്ചുകൊണ്ട് സ്വപ്ന സുരേഷ് അടക്കമുള്ളവർ ആക്ഷേപമുന്നയിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താത്തത് എന്താണെന്നും കെ സുധാകരൻ ചോദിക്കുന്നു.