ഡി.ജി.പിമാരുടെ വിരമിക്കല്‍ ചടങ്ങിലെ ആചാരവെടിയില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കേരളത്തിലെ ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യയുടെയും എസ്. ആനന്ദകൃഷ്ണന്റെയും വിരമിക്കല്‍ ചടങ്ങില്‍ ആകാശത്തേക്ക് വെടി ഉതിര്‍ക്കാന്‍ തോക്ക് ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച ശിക്ഷാ നടപടിയുടെ ഭാഗമായി പരിശീലനം നല്‍കാന്‍ നിര്‍ദേശം. ഇവരോട് തൃശൂര്‍ പൊലീസ് അക്കാദമിയിലെ കോഴ്‌സില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡിജിപി എസ്.ആനന്ദകൃഷ്ണനു നല്‍കിയ യാത്ര അയപ്പ് ചടങ്ങില്‍ വനിതാ ബറ്റാലിയനില്‍ നിന്നുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ തോക്കില്‍നിന്ന് വെടി പൊട്ടിയിരുന്നില്ല. തുടര്‍ന്ന് ബി.സന്ധ്യക്ക് നലിയ യാത്രയയപ്പ് ചടങ്ങിലും മുപ്പതംഗ വനിതാ പ്ലറ്റൂണിന്റെ വെടിയുതിര്‍ക്കലില്‍ അസ്വാഭാവികതയുണ്ടായി. ചിലരുടെ തോക്കില്‍ നിന്ന് വെടി പൊട്ടിയുമില്ല എന്നാണ് വിലയിരുത്തല്‍.

അതേസമയം, വിരമിക്കല്‍ പരേഡില്‍ ആറാം ബറ്റാലിയന്‍ പൊലീസുകാര്‍ വെടി പൊട്ടിക്കാന്‍ മടികാണിച്ചുവെന്നാണ് നിരീക്ഷണം. വെടി പൊട്ടിക്കാനായി നല്‍കിയ തിരകളില്‍ കൂടുതലും ഉപയോഗിക്കാത്ത നിലയിലായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് വനിതാ ബറ്റാലിയനിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.