പിരിയോഡിക് ടേബിളും, ജനാധിപത്യവും പുറത്ത്; പാഠഭാഗങ്ങള്‍ പരിഷ്‌കരിച്ച് എന്‍.സി.ഇ.ആര്‍.ടി

ന്യൂഡല്‍ഹി: പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജസ്രോതസ്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കാനൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയതിന് പുറമെയാണിത്.

അതേസമയം, കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനഭാരം കുറക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതെന്ന് എന്‍.സി.ഇ.ആര്‍.ടി വാദിച്ചു. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800-ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചിരുന്നു.

അതിനിടെ, പരിസ്ഥിതി സുസ്ഥിരത സംബന്ധിച്ച പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പത്താം ക്ലാസ് പാഠപുസ്തകത്തിലെ ജനാധിപത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ‘ജനാധിപത്യം, ജനാധിപത്യത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള വെല്ലുവിളികള്‍’ എന്നിവയും നീക്കംചെയ്തിട്ടുണ്ട്. ‘കോവിഡ് കാരണം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍വിന്‍ സിദ്ധാന്തം വെബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഈ ഭാഗങ്ങള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കാനുണ്ട്’- കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു.

പത്താം ക്ലാസിലെ ഒഴിവാക്കിയ പാഠഭാഗങ്ങള്‍:

സയന്‍സ്

ചാപ്റ്റര്‍ 5 – പിരിയോഡിക് ക്ലാസിഫിക്കേഷന്‍ ഓഫ് എലമെന്റ്സ്
ചാപ്റ്റര്‍ 14- സോഴ്സ് ഓഫ് എനര്‍ജി
ചാപ്റ്റര്‍ 16- സസ്റ്റെയ്നബിള്‍ മാനേജ്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സസ്

ഡെമോക്രാറ്റിക് പൊളിറ്റിക്സ്

ചാപ്റ്റര്‍ 5 – പോപ്പുലര്‍ സ്ട്രഗിള്‍സ് & മൂവ്മെന്റ്സ്
ചാപ്റ്റര്‍ 6 – പൊളിറ്റിക്കല്‍ പാര്‍ട്ടീസ്
ചാപ്റ്റര്‍ 8 – ചാലഞ്ചസ് ടു ഡെമോക്രസി