ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണും; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്

ലഖ്‌നൗ: ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച്ച ഹരിയാനയിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണ് തങ്ങളെന്നും മുസാഫർനഗറിലെ മെഗാ മീറ്റിങ്ങിൽ അദ്ദേഹം വിശദമാക്കി.

അതേസമയം, കർഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്ന് ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. മെഡലുകൾ ലേലത്തിനു വച്ചാൽപ്പോലും ലോകം ഒന്നിച്ചെത്തി ലേലം നിർത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കേന്ദ്രം എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും മനസിലാക്കണം. ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ കേന്ദ്ര സർക്കാർ തകർത്തു. മുലായം സിങ് യാദവിന്റെ കുടുംബത്തോട് അവരെന്താണ് ചെയ്തതെന്ന് നോക്കൂ. രാജസ്ഥാനിലും അതു തന്നെയാണ് ആവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.