ബ്രഹ്മാണ്ഡം ഈ കിരീടധാരണം; ചാള്‍സ് മൂന്നാമന്‍ ചരിത്ര സിംഹാസനത്തിലേക്ക്

ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി എഴുപത്തിനാലുകാരനായ ചാള്‍സ് സ്ഥാനാഭിഷിക്തനാകുന്ന ചടങ്ങിനു പ്രത്യേകതകളേറെയാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ മകന്‍ ഹാരിയുടെ ഭാര്യ മേഗന്‍ ഇല്ലാതെ, ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോക രാഷ്ട്രങ്ങളിലെ നേതാക്കളും ഉള്‍പ്പെടെ 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് ചാള്‍സിന്റെ കിരീടധാരണം. എലിസബത്ത് രാജ്ഞി അന്തരിച്ചതിനു പിന്നാലെ തന്നെ ചാള്‍സ് മൂന്നാമന്‍ രാജാവായി ചുമതലയേറ്റിരുന്നു.

ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്നുള്ള ഘോഷയാത്രയോടെയാണ് കിരീടധാരണ ചടങ്ങുകള്‍ക്കു തുടക്കമാകുക. ഘോഷയാത്ര വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തുന്നതോടെ ഔദ്യോഗികമായി ചടങ്ങ് ആരംഭിക്കും. നിയമത്തെയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെയും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ ചാള്‍സ് ചൊല്ലും. പിന്നാലെ എഡ്വേര്‍ഡ് രാജാവിന്റെ കസേരയെന്ന് അറിയപ്പെടുന്ന സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനിയെന്ന സ്റ്റോണ്‍ ഓഫ് സ്‌കോണ്‍ വച്ച, ചരിത്ര സിംഹാസനത്തില്‍ അദ്ദേഹം ഇരിക്കും. സിംഹാസനത്തില്‍ ഇരിക്കുന്ന ചാള്‍സിനെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജറുസലേമില്‍ നിന്നുള്ള വിശുദ്ധ തൈലം കൊണ്ട് അഭിഷേകം ചെയ്യും. ഇതാണ് ചടങ്ങിലെ പ്രധാനമുഹൂര്‍ത്തം. ചാള്‍സിന്റെ പത്‌നി കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചടങ്ങും ഒപ്പം നടത്തും. ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ ഘോഷയാത്രയായി ആണ് ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള മടക്കയാത്ര. കൊട്ടാരത്തിലെത്തിയതിനു പിന്നാലെ വ്യോമസേനാ വിമാനങ്ങളുടെ ഫ്‌ലൈ പാസ്റ്റ് ഉണ്ടാകും. കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാജാവും രാജ്ഞിയും രാജകുടുംബവും ഇതു വീക്ഷിക്കും. ഞായര്‍ വൈകിട്ട് വിന്‍സര്‍ കാസിലില്‍ പ്രമുഖ സംഗീതജ്ഞരും മറ്റും പങ്കെടുക്കുന്ന സംഗീതപരിപാടി ഉണ്ടാകും. അനുബന്ധ ചടങ്ങുകള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമുണ്ടാകും.

2005ലായിരുന്നു ഇരുവരുടെയും വിവാഹം. ചാള്‍സിനെ അഭിഷേകം ചെയ്തതു പോലെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് കാമിലയെയും തൈലംകൊണ്ട് അഭിഷേകം ചെയ്യും. 1911ല്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണവേളയില്‍ രാജപത്‌നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തതാണു കാമില ധരിക്കുക. കിരീടധാരണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് പങ്കെടുക്കുക.
ബ്രിട്ടീഷ് ഭരണകൂടമാണ് കിരീടധാരണച്ചടങ്ങിന്റെ ചെലവു വഹിക്കുന്നത്. 1022 കോടി ഇന്ത്യന്‍ രൂപയാണ് ഏകദേശ ചെലവ് (125 ദശലക്ഷം യുഎസ് ഡോളര്‍). ബ്രിട്ടനിലെ ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ നികുതിദായകരെപ്പിഴിഞ്ഞ് ഇത്രയും തുക ചെലവിട്ട് കിരീടധാരണം നടത്തുന്നതില്‍ ശക്തമായ എതിര്‍പ്പ് ജനങ്ങളില്‍ പകുതിപ്പേര്‍ക്കുമുണ്ടെന്നാണ് അഭിപ്രായസര്‍വേകള്‍ പറയുന്നത്.