എ ഐ ക്യാമറ വിവാദം പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറും പുകമറ മാത്രം; വിമർശനവുമായി വ്യവസായ മന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി വ്യവസായ മന്ത്രി പി രാജീവ്. എ ഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. വിവാദം പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറും പുകമറമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപകരാർ എടുത്ത കമ്പനി ഹോട്ടലിൽ താമസിച്ചതിന് ആർക്കെങ്കിലും പണം നൽകാനുണ്ടെന്നുള്ള രേഖയ്ക്ക് മറുപടി നൽകണം എന്ന് പറഞ്ഞാൽ എന്ത് മറുപടി നൽകുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

രമേശ് ചെന്നിത്തല നീതിന്യായ വ്യവസ്ഥയ്ക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. ചെന്നിത്തല കൊടുത്ത ഹർജികൾ താക്കോലിട്ട് പൂട്ടി ചീഫ് ജസ്റ്റിസ് നടക്കുകയായിരുന്നു എന്നുപറഞ്ഞാൽ നീതിന്യായ വ്യവസ്ഥയ്ക്കെതിരെ അതിഗുരുതരമായ പ്രശ്‌നമാണ് ഉന്നയിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്നത് അതീവ ഗൗരവമായ കുറ്റമാണ്. തങ്ങളായിരുന്നു ഈ പരാമർശം നടത്തിയിരുന്നത് എങ്കിൽ മാദ്ധ്യമങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നും മന്ത്രി ചോദിച്ചു.

ഒരു രൂപ പോലും സർക്കാർ ചെലവഴിക്കാത്ത പദ്ധതിയാണിത്. 256 കോടിയുടെ കരാർ തുക ക്യാമറയ്ക്ക് മാത്രമല്ല. സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പടെ 146 ഓളം വരുന്ന ജീവനക്കാരുടെ അഞ്ചുവർഷത്തെ ശമ്പളം, മറ്റു സാങ്കേതികതകൾ, നിയമലംഘനം നടത്തുന്നവർക്ക് പോസ്റ്റു വഴി നോട്ടീസ് നൽകുന്നതിനുള്ള ചെലവ്, നികുതി, ഇന്റർനെറ്റ് കണക്ടിവിറ്റി, വൈദ്യുതി ബിൽ എന്നിവയെല്ലാം ചേർത്താണ് കരാർ. കെൽട്രോൺ നടത്തിയിട്ടുള്ള നടപടികൾ റിപ്പോർട്ട് ലഭിച്ചതിന് ശേഷം പരിശോധിക്കും. മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധം എന്നുപറഞ്ഞ് ആരോപണം ഉന്നയിക്കുന്നിതിന്റെ അടിസ്ഥാനം എന്തെന്ന് മനസിലാകുന്നില്ല. ടെൻഡറിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ കോടതിയിൽ പോകട്ടെയെന്നും പി രാജീവ് കൂട്ടിച്ചേർത്തു.