പ്രവർത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫീസുകൾ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കണം; നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്രവർത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫീസുകൾ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കണമെന്ന് നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സാധ്യമായ ദിവസങ്ങളിൽ ശനിയാഴ്ച ഉൾപ്പെടെ പ്രിൻസിപ്പാൾ, അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, സ്റ്റാഫുകൾ എന്നിവർ ഓഫീസുകളിലുണ്ടാകണമെന്നാണ് നിർദ്ദേശം. അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുതെന്നും ഇക്കാര്യത്തിന് അധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രക്ഷകർത്താക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും സ്‌കൂളുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തിര ഇടപെടൽ നടത്തണം. അച്ചടക്ക നടപടികളിൽ സ്വീകരിക്കേണ്ട വിഷയങ്ങളിൽ ആയത് സ്വീകരിക്കണം. പിറ്റിഎയുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ടവരുടെ യോഗം അതത് പരാതി ലഭിക്കുന്ന ഓഫീസുകളിൽ വിളിച്ചു ചേർത്ത് അടിയന്തിര പരിഹാരം കാണണം. സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ ഒരുതരത്തിലുള്ള അഴിമതിയും കാലതാമസവും അനുവദിക്കുന്നതല്ല. ഭിന്നശേഷി നിയമന ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങളിൽ ഇതുവരെയും അംഗീകാരം കൊടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷം ഉണ്ടാകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

ആർ.ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി. ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കാൻ പാടില്ല. ബാലിശമായ തടസ്സവാദങ്ങൾ ഫയലുകളിൽ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നതും പാരിതോഷികങ്ങൾ ആവശ്യപ്പെടുന്നതും അടക്കം ഏത് വിഷയം ശ്രദ്ധയിൽപ്പെട്ടാലും വിട്ടുവീഴ്ചയില്ലാത്ത നടപടി സർക്കാർ സ്വീകരിക്കും എന്ന കാര്യം വ്യക്തമാക്കുകയാണ്. ലാന്റ് ഫോണുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസെടുപ്പും സ്പെഷ്യൽ ട്യൂഷനും വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. പൊതുവിദ്യാലയങ്ങളിലെ ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയാണെന്ന് മന്ത്രി പറഞ്ഞു.