ഏത് തരം വൈറസുകള്‍ക്കുമെതിരെ പ്രതിരോധശേഷി നല്‍കുന്ന യൂണിവേഴ്‌സല്‍ വാക്‌സിന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്‌

ഏത് തരം പനികള്‍ക്കും, ഫ്‌ളൂവിനുമൊക്കെ കാരണമാകുന്ന ഏത് തരം വൈറസുകള്‍ക്കും എതിരെ മനുഷ്യന് പ്രതിരോധശേഷി നല്‍കുന്ന ഒരു യൂണിവേഴ്‌സല്‍ വാക്‌സിന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. യു കെയില്‍ മാത്രം പ്രതിവര്‍ഷം 10,000 മുതല്‍ 30,000 പേര്‍ വരെയാണ് ഫ്‌ളൂ ബാധിച്ച് മരണമടയുന്നുണ്ട്. പുതിയ വാക്‌സിന്‍ എത്തിയാല്‍ ഏത് തരം ഫ്‌ളൂവിനും എതിരെ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എ ബി സി എന്നിങ്ങനെ മൂന്ന് തരം വൈറസുകളാണ് പ്രധാനമായും മനുഷ്യരില്‍ ഫ്‌ളൂവിന് കാരണമാകുന്നത്. ഇതില്‍ ഓരോ വിഭാഗത്തിനും അനേകം ഉപ വിഭാഗങ്ങളും ഉണ്ട്. ഫ്‌ളൂ ബാധിച്ചവരുടെ സ്രവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പഠനം നടത്തിയതിനു ശേഷമാണ് ഏതൊക്കെ വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധം ആവശ്യമാണെന്ന് തീരുമാനിച്ചത്. നിലവില്‍ എ വിഭാഗത്തിലെ രണ്ട് ഉപ വകഭേദങ്ങള്‍ക്കും ബി വിഭാഗത്തിലെ രണ്ട് ഉപവകഭേദങ്ങള്‍ക്കുമ്മ് എതിരെ മാത്രമാണ് പ്രതിരോധശേഷി ഉള്ളത്. സി വിഭാഗത്തിലെ ഒരു ഉപ വകഭേദത്തിനും നിലവില്‍ പ്രതിരോധ കുത്തിവയ്പില്ല.

അതേസമയം, എല്ലാ ഫ്‌ളൂ വൈറസുകളെയും പരിഗണിച്ചുകൊണ്ടാണ് യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് പുതിയ യൂണിവേഴ്‌സല്‍ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ തരം വകഭേദങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനെ ലക്ഷ്യം വച്ചായിരിക്കും ഈ വാക്‌സിന്‍ പ്രവര്‍ത്തിക്കുക. എന്നാല്‍, വരു ഉല്‍പരിവര്‍ത്തനങ്ങളില്‍ വൈറസിന്റെ ഘടനക്ക് വീണ്ടും വ്യത്യാസങ്ങള്‍ വന്നേക്കാം എന്നതിനാല്‍, എല്ലാ വര്‍ഷവും ഈ വാക്‌സിന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.