മൊബൈൽ ഫോൺ കയറ്റുമതിയിൽ സുപ്രധാന നേട്ടം കരസ്ഥമാക്കി ഇന്ത്യ; കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തത് 85000 കോടി രൂപയുടെ ഫോണുകൾ

ന്യൂഡൽഹി: മൊബൈൽ ഫോൺ കയറ്റുമതിയിൽ സുപ്രധാന നേട്ടം കരസ്ഥമാക്കി ഇന്ത്യ. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 85000 കോടി രൂപയുടെ ഫോണുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2022- 23 സാമ്പത്തിക വർഷത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യ സെല്ലുലാർ ഇലക്ട്രോണിക് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പോലുള്ള പദ്ധതികളുടെ വിജയമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മൊബൈൽ ഫോൺ നിർമാണത്തിൽ ആഗോളതലത്തിൽ തന്നെ രണ്ടാം സ്ഥാനമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. 2023ൽ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്ന ഫോണുകളുടെ എണ്ണം ഒരു ലക്ഷം കോടി കവിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ നിർമ്മിക്കുന്ന മൊബൈൽ ഫോൺ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് യുഎഇ, യുഎസ്, നെതർലാൻഡ്, യുകെ, ഇറ്റലി തുടങ്ങി അഞ്ച് രാജ്യങ്ങളിലേക്കാണ്. നിലവിൽ രാജ്യത്ത് വിൽപന നടത്തുന്ന 97 ശതമാനം ഫോണുകളും ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ്. 2027-ൽ ആപ്പിൾ ഫോൺ ഉത്പാദനത്തിന്റെ 50 ശതമാനവും ഇന്ത്യയിൽ നിന്നാകുമെന്നും കണക്കാക്കപ്പെടുന്നു. നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നീ മോഡലുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്.