വിശാല പ്രതിപക്ഷ സഖ്യം രൂപീകരിച്ചതിന് പിന്നാലെ തമ്മിലടി; മമത ബാനർജിക്കെതിരെ സിപിഎം നേതാവ്

ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യം രൂപീകരിച്ചതിന് പിന്നാലെ തമ്മിലടി. പ്രതിപക്ഷ ഐക്യത്തിന് ആദ്യ തിരിച്ചടി നൽകി രംഗത്തെത്തിയിരിക്കുന്നത് സിപിഎമ്മാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയാണ് സിപിഎമ്മിന്റെ വിമർശനം. മമതാ ബാനർജി അധികനാൾ പ്രതിപക്ഷ ഐക്യത്തിനൊപ്പം ഉണ്ടാവില്ലെന്നും അവർ കാല് വാരുമെന്നും സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ആരോപിച്ചു.

ആരെങ്കിലും ഒരു യോഗത്തിന് വരുന്നത് തടയാൻ ആർക്കും കഴിയില്ല. താൻ വീണ്ടും പറയുന്നു. മമത ബാനർജി പ്രതിപക്ഷം വിടും. അവർ എപ്പോൾ വേണമെങ്കിലും സഖ്യം വിട്ട് ബിജെപിയുടെ കൈകളിലെത്തും. എല്ലാ പാർട്ടികളും ഇത് മനസ്സിലാക്കണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവർ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചു. എന്നാൽ ഇന്നലെ അവർ അദ്ദേഹത്തെ പുകഴ്ത്തുകയായിരുന്നുവെന്ന് ബികാഷ് രഞ്ജൻ ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.