Technology (Page 7)

തിരുവനന്തപുരം: പണം ഇരട്ടിപ്പ് തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണെന്ന് പോലീസ് വ്യക്തമാക്കി.

പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്‌സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

ഇന്ത്യൻ വിപണിയിൽ 10,000 കോടി രൂപയുടെ ടെലിവിഷൻ വിൽപ്പന ലക്ഷ്യമിട്ട് ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസങ്. എഐ ടിവികൾ വിപണിയിലെത്തിക്കുന്നതിലൂടെയാണ് കമ്പനി 10,000 കോടി രൂപയുടെ ടെലവിഷൻ വിൽപ്പന ലക്ഷ്യമിടുന്നത്. ഓംഡിയയുടെ റിപ്പോർട്ടുകൾ പ്രകാരം 2023-ൽ 21 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ ബ്രാൻഡ് സാംസങ് ആണ്. കഴിഞ്ഞ 5 വർഷങ്ങളായി ഇന്ത്യയിലെ മുൻനിര ടിവി ബ്രാൻഡ് തങ്ങളാണെന്നാണ് സാംസങിന്റെ അവകാശവാദം.

8കെ നിയോ ക്യുഎൽഇഡി, 4കെ നിയോ ക്യുഎൽഇഡി, ഒഎൽഇഡി ടെലിവിഷനുകൾ അവതരിപ്പിച്ചതിലൂടെ ഈ വർഷം ഇന്ത്യൻ വിപണയിൽ മുന്നേറാൻ സാധിക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. എഐ പിക്ചർ ടെക്‌നോളജി, എഐ അപ്സ്‌കെയിലിംഗ് പ്രൊ, എഐ മോഷൻ എൻഹാൻസർ പ്രൊ തുടങ്ങിയ എഐ ഫീച്ചറുകൾ സാംസങ്ങിന്റെ പുതിയ ടെലിവിഷൻ സീരീസുകളിൽ ലഭിക്കുന്നുണ്ട്.

യഥാർത്ഥമെന്ന് തോന്നിക്കും വിധമുള്ള പിക്ചർ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടുംകൂടിയ ഞങ്ങളുടെ നിയോ ക്യുഎൽഇഡി 8കെ എഐ ടെലിവിഷനുകൾ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതെന്നും സാംസങ് കൂട്ടിച്ചേർത്തു.

പതിവില്ലാത്ത വിധം കൊടും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചൂട് കാരണം പകൽ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണിത്. കുടയില്ലാതെ ആർക്കും പുറത്തിറങ്ങാൻ കൂടി കഴിയുന്നില്ല. ഈ പ്രയാസം തിരിച്ചറിഞ്ഞ് ശരീരത്തിൽ ധരിക്കാനാവുന്ന ഒരു എയർ കണ്ടീഷണർ അവതരിപ്പിച്ചിരിക്കുകയാണ് സോണി കമ്പനി.

റിയോൺ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടി ഈ എസിക്കൊപ്പമുണ്ട്. ‘റിയോൺ പോക്കറ്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തെ ‘സ്മാർട് വെയറബിൾ തെർമോ ഡിവൈസ് കിറ്റ്’ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

ഏപ്രിൽ 23 നാണ് സോണി കമ്പനി ഇത് അവതരിപ്പിച്ചത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.

തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും കാൽനടയായി പോകുമ്പോഴുമെല്ലാം ഇത് ഉപയോഗിക്കാം. ചുറ്റുപാടുമുള്ള സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് വിവരങ്ങൾ കഴുത്തിൽ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യുന്ന ഉപകരണമാണ് റിയോൺ പോക്കറ്റ് ടാഗ്.

ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെൻസറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കുന്ന ഉപകരണമാണിത്.

ഫോണിലൂടെയും ഇ-മെയിൽ വഴിയും ലഭിക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫോണിലൂടെയും ഇ-മെയിൽ വഴിയും നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ പല കാര്യങ്ങളും പറഞ്ഞ് പേടിപ്പിക്കും. എന്നാൽ, ഇതിലൊന്നും വീഴരുതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പിനെ നേരിടാൻ നമുക്ക് കഴിയൂവെന്നും പോലീസ് കൂട്ടിച്ചേർത്തു.

സാംസങ് ഗാലക്സി ഫോൺ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഡിസ്‌പ്ലേയിലുണ്ടാകുന്ന ഗ്രീൻ ലൈൻ. ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഗ്രീൻ ലൈൻ പ്രശ്‌നമുള്ള ചില ഗാലക്‌സി എസ് സീരീസ് ഫോണുകൾക്ക് സാംസങ് സൗജന്യമായി സ്‌ക്രീൻ മാറ്റി നൽകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാംസങ് ഫോണുകളുടെ സ്‌ക്രീനിൽ ഗ്രീൻലൈൻ കാണുന്നുവെന്ന പരാതി വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. ഗാലക്‌സി എസ് സീരീസിൽ വരുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലും സമാന രീതിയിലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ട്. സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തപ്പോഴാണ് പലരും ഈ പ്രശ്‌നം നേരിടാൻ തുടങ്ങിയത്. മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയ ഗാലക്‌സി എസ്20 സീരീസ്, ഗാലക്‌സി എസ്21 സീരീസ്, എസ്22 അൾട്ര സ്മാർട്‌ഫോണുകൾക്കാണ് ഈ സേവനം ലഭിക്കുന്നത്.

ഗാലക്‌സി എസ് 20 സീരീസ്, ഗാലക്‌സി എസ് 21 സീരീസ്, എസ് 22 അൾട്രാ സ്മാർട്‌ഫോണുകൾ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.വാറന്റി ഇല്ലെങ്കിലും സ്‌ക്രീൻ മാറ്റിനൽകും. ഈ മാസം 30 വരെ ഗ്രീൻ ലൈൻ പ്രശ്‌നമുള്ള മുകളിൽ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കൾക്ക് സാംസങ് സർവീസ് സെന്ററിൽ എത്തി സ്‌ക്രീൻ മാറ്റാമെന്നാണ് വിവരം.

വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പേവേണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിംഗ് നില അറിയാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോൾ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ സെർവറിൽ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. വോട്ടിങ് ശതമാനം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.

തിരുവനന്തപുരം: സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇ-മെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാനിടയുണ്ട്.

ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു. യൂണിയൻ ബാങ്കിന്റെ പേരിൽ ഉൾപ്പെടെ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

നമ്മളിൽ പലർക്കും പ്രിയപ്പെട്ട സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ് ആപ്പ്. പല പുതിയ ഫീച്ചറുകളും വാട്ട്‌സ് ആപ്പ് അവതരിപ്പിക്കാറുണ്ട്. കോൺടാക്ട് നോട്ട്‌സ് എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് ഇപ്പോൾ.

ഈ ഫീച്ചർ ഏറ്റവുമധികം പ്രയോജനപ്പെടുക വാട്ട്‌സ് ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായിരിക്കും. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ സേവ് ചെയ്ത് വെയ്ക്കാൻ കൂടി ബിസിനസ് ഉപയോക്താക്കൾക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചർ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വേണ്ടി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങൾ കൂടി ചേർത്ത് നൽകാൻ കഴിയുന്ന വിധമാണ് ഫീച്ചർ. ആൻഡ്രോയിഡ് 2.24.9.12 അപ്‌ഡേറ്റിനായുള്ള പുതിയ വാട്്‌സ് ആപ്പ് ബീറ്റാ വേർഷൻ എടുത്തവർക്ക് പുതിയ ഫീച്ചർ ലഭിക്കും.

ചാറ്റിൽ കോൺടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്‌സ് സെക്ഷൻ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോൺടാക്ടുകളോടും ചേർത്ത് നോട്ടുകൾ ആഡ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത.

നേരത്തെയുള്ള ചാറ്റ് വിശദാംശങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നവിധം പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവെയ്ക്കാൻ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ഉപകാരപ്രദമാണ്.

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതർ. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ LCD ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കിൽ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ.

ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു. വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത് വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ ആപ്പ് വഴി ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമെന്നു കണ്ടാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിച്ചത്.

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിൽ മാത്രം ഉപയോഗിക്കേണ്ട ഈ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദനിർദേശം ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നൽകിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിങ് ഓഫീസർ, ആദ്യ പോളിങ് ഓഫീസർ എന്നിവർക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രവുമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക. പോൾമാനേജർ ആപ്പിൽ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള ഫോൺ നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് എഎസ്ഡി മോണിറ്റർ ആപ്പിൽ ലോഗിൻ അനുവാദം ലഭിക്കുക. അധിക സുരക്ഷയുടെ ഭാഗമായി ലോഗിൻ ചെയ്യുന്നതിന് ഒടിപി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

വോട്ടർപട്ടിക ശുദ്ധീകരണ കാലയളവിൽ ആബ്‌സന്റീ, ഷിഫ്റ്റഡ്, ഡെഡ് (ഹാജരില്ലാത്തവർ, സ്ഥലം മാറിയവർ, മരണപ്പെട്ടവർ) എന്ന് രേഖപ്പെടുത്തി ബിഎൽഒ മാർ തയ്യാറാക്കിയ പുതുക്കിയ പട്ടിക സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫീസർ, ആദ്യ പോളിങ് ഓഫീസർ എന്നിവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ എസ് ഡി പട്ടികയിലുള്ള വോട്ടർ വോട്ട് ചെയ്യുന്നതിന് ബൂത്തിലെത്തിയാൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം വോട്ട് ചെയ്യാൻ അനുവാദം നൽകുകയാണെങ്കിൽ എഎസ്ഡി മോണിട്ടർ ആപ്പ് വഴി ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. വോട്ടറുടെ സീരിയൽ നമ്പർ, റിമാർക്ക് എന്നിവ രേഖപ്പെടുത്തിയ ശേഷം ആപ്പ് ഉപയോഗിച്ച് തന്നെ വോട്ടറുടെ ചിത്രവും എടുക്കും. തുടർന്ന് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ഈ വിവരങ്ങൾ എഡിറ്റ് ചെയ്യാനോ തിരുത്താനോ കഴിയില്ല. ഓരോ ബൂത്തിലും വോട്ട് ചെയ്ത ആകെ എഎസ്ഡി വോട്ടർമാരുടെ വിവരങ്ങളും ആപ്പ് വഴി അറിയാനാവും.

എ എസ് ഡി ആപ്പ് വഴിയുള്ള നിരീക്ഷണത്തിലൂടെ ഇരട്ടവോട്ട് തടയാനും തർക്കങ്ങൾ പൂർണമായി ഒഴിവാക്കാനും കഴിയുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.