പണം കൈമാറണമെന്നാവശ്യപ്പെട്ട് തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

ഫോണിലൂടെയും ഇ-മെയിൽ വഴിയും ലഭിക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫോണിലൂടെയും ഇ-മെയിൽ വഴിയും നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ പല കാര്യങ്ങളും പറഞ്ഞ് പേടിപ്പിക്കും. എന്നാൽ, ഇതിലൊന്നും വീഴരുതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പിനെ നേരിടാൻ നമുക്ക് കഴിയൂവെന്നും പോലീസ് കൂട്ടിച്ചേർത്തു.