Technology (Page 5)

കൊച്ചി: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.

മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്‌ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം യഥാസമയം കിട്ടിയതിൽ ആകൃഷ്ടനായ ഇര കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നു. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്‌കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.

ഓൺലൈൻ സാമ്പത്തിക ത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

എം പരിവാഹൻ ആപ്പിനെ കുറിച്ച് വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക രേഖകളെല്ലാം ക്യൂ ആർ കോഡായി സൂക്ഷിക്കാനുള്ള ആപ്പാണിത്. ഒറിജിനൽ രേഖകൾ കയ്യിൽ ഇല്ലെങ്കിലും എം പരിവാഹൻ ആപ്പുണ്ടെങ്കിൽ രേഖകൾ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ഡൗൺലോഡ് ചെയ്യാം. മാത്രമല്ല ഈ ആപ്പിലൂടെ രേഖകളുടെ കാലാവധി കഴിയുന്നതിനും 30 ദിവസം മുൻപ് ആ അറിയിപ്പ് നോട്ടിഫിക്കേഷനായി നമുക്ക് ലഭിക്കുകയും ചെയ്യും.

വാഹനം സംബന്ധമായ ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ് , ഹൈപ്പോക്കേഷൻ ക്യാൻസൽ ചെയ്യുന്നതും എന്റർ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആർസി എൻ ഓ സി , ആർസി പാർട്ടിക്കുലേഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷൻ ഡിസ്‌പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷൻ, ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഇതിൽ സാധിക്കുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ പേര് തിരുത്തൽ അഡ്രസ്സ് മാറ്റം ലൈസൻസ് പാർട്ടിക്കുലേഷൻ അപേക്ഷിക്കുക ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.

നമ്മുടെ വാഹനത്തിന് ഏതെങ്കിലും കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് തീർപ്പാക്കുന്നതിനും പാർക്കിംഗ് സംബന്ധിച്ചോ അപകടത്തിന് കാരണമായതോ ആയ മറ്റ് വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും വാങ്ങാൻ ഉദ്ദേശിക്കുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിക്കുന്നതിനും ഏതെങ്കിലും കേസുകൾ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും എല്ലാം ഈ ആപ്ലിക്കേഷൻ സഹായകരമായ ഒന്നാണ്.

ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് ബംഗാളി ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തിൽ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കാവുന്നതാണ്.

തിരുവനന്തപുരം: സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പോലീസ്. ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നതെന്ന് പോലീസ് വ്യക്തമാക്കി.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്‌ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഫോൾഡബിൾ മാക്ക്ബുക്ക് രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളായ ആപ്പിൾ. പുത്തൻ ഡിസ്പ്ലൈ ഡിസൈനുമായാണ് ആപ്പിൾ ഫോൾഡബിൾ മാക്ക്ബുക്ക് പുറത്തിറക്കുക. വലിയ സ്‌ക്രീനുകള പകുതിയായി മടക്കാൻ കഴിയുന്ന ഈ മാക്ക്ബുക്ക് നോട്ട്ബുക്കായും മോണിറ്ററായും ഉപയോഗിക്കാൻ കഴിയും. ഇതിനായി ഒരു കീബോർഡ് കണക്ടറ്റ് ചെയ്താൽ മാത്രം മതി. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷൻ എം5 ചിപ്പുമായി എത്തുന്ന ഈ പുതിയ മാക്ബുക്കിന് 18.8 ഇഞ്ച് ഒഎൽഇഡി ഫോൾഡഫിൾ ഡിസ്പ്ലെയാണുള്ളത്.

നിലവിലെ ഫോൾഡബിൾ സ്‌ക്രീനുകളിൽ കാണപ്പെടുന്ന പോളിമൈഡ് മെറ്റീരിയലിന് പകരം അൾട്രാ-തിൻ കവർ ഗ്ലാസ് ഉപയോഗിക്കുന്ന ഈ അത്യാധുനിക ഡിസ്‌പ്ലേ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ആപ്പിൾ, എൽജി ഡിസ്‌പ്ലേയുമായി സഹകരിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

മാക്ക്ബുക്കിന് ഇലക്ട്രോണിക്ക് പേപ്പർ ഡിസ്പ്ലേ പരീക്ഷിക്കാനും ആലോചിക്കുന്നുണ്ട്. ഇ ഇങ്കിൽ നിന്നുള്ള ഊർജ്ജ കാര്യക്ഷമതയുള്ള ഇപിഡി ഡിസ്പ്ലെയായിരിക്കും ഇത്. മാത്രമല്ല സാധാരണ കീബോർഡുകളിൽ സ്പർശിക്കുന്ന അതേ അനുഭവം ഉണർത്തുന്ന ഓൺസ്‌ക്രീൻ കീബോർഡും ഇതിനുണ്ടാകുമെന്നതാണ് പ്രത്യേകത.

നിലവിൽ ഈ സാങ്കേതിക വിദ്യ മാക്ക്ബുക്ക് എയർ, മാക്ക്ബുക്ക് പ്രോ എന്നിവയിൽ ഉപയോഗിക്കുന്നുണ്ട്.

മുൻപ് മൈൽക്കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ എന്തൊക്കെയാണെന്ന് നോക്കാം.

* വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

* മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.

* തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നമ്മെ നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

* അപകടസാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

* രാത്രികാലങ്ങളിൽ GPS സിഗ്നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.

* സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

* സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

* മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്നുവച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.

* ഒരു സ്ഥലത്തേയ്ക്ക് പോകാൻ രണ്ടുവഴികളുണ്ടാകാം. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.

* വഴി തെറ്റിയാൽ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചുതരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.

* ഗതാഗതതടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്‌നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

തിരുവനന്തപുരം: പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.

നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ വിവരം അറിയിക്കണം.

നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പിനെ നേരിടാൻ നമുക്ക് കഴിയൂ.

ചെന്നൈ: തമിഴ്നാട്ടിൽ പിക്സൽ സ്മാർട്ട് ഫോണുകൾ നിർമ്മിക്കാനുള്ള നീക്കവുമായി ഗൂഗിൾ. കഴിഞ്ഞദിവസം സംസ്ഥാന വ്യവസായ മന്ത്രി ടി ആർ ബി രാജ ഗൂഗിൾ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയിൽ വെച്ച് ആയിരുന്നു കൂടികാഴ്ച്ച. ഈ കൂടികാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

ചർച്ചയിലെ തുടർ നടപടികളുടെ ഭാഗമായി വൈകാതെ ഗൂഗിൾ സംഘം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ആയിരിക്കും തമിഴ്നാട്ടിൽ പിക്സൽ സ്മാർട്ട്ഫോൺ നിർമിക്കാനുള്ള ധാരണ പത്രത്തിൽ ഒപ്പുവെക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം ചെന്നൈയിൽ ഗൂഗിൾ ഡ്രോണുകളും നിർമ്മിക്കും എന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യയിൽ പിക്സൽ സ്മാർട്ട് ഫോണുകൾ നിർമ്മിക്കുമെന്ന് കഴിഞ്ഞവർഷം തന്നെ ഗൂഗിൾ അറിയിച്ചിരുന്നു. മേക്ക്‌ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പിക്സലിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുന്നതെന്നായിരുന്നു ഗൂഗിൾ അറിയിച്ചത്.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്‌സ് പ്ലാറ്റ് ഫോമാണെന്ന അവകാശവാദവുമായി ഇലോൺ മസ്‌ക്. രണ്ട് ഫോട്ടോകളോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനുള്ള മികച്ച സുരക്ഷ എക്സിലുണ്ടെന്നും നിങ്ങളുടെ കുടുംബ ചിത്രങ്ങൾ ധൈര്യമായി പോസ്റ്റ് ചെയ്‌തോളൂവെന്നും ഇലോൺ മസ്‌ക് വ്യക്തമാക്കി.

14 മില്യൺ ആളുകൾ ഇതിനോടകം മസ്‌കിന്റെ പോസ്റ്റ് കണ്ടു കഴിഞ്ഞു. പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ മെറ്റ, എക്‌സ്, ടിക് ടോക് എന്നിവയിൽ കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷയുടെ കാര്യത്തിൽ യുഎസ് സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ പോസ്റ്റ്.

ഉപഭോക്താക്കളുടെ പ്രിയ മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്. പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കാൻ വാട്ട്‌സ് ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ലിങ്ക് ചെയ്യുന്ന ഡിവൈസുകളിൽ ചാറ്റ് ലോക്ക് ചെയ്യുക, പുതിയ ചാനലുകൾ കണ്ടെത്താനുള്ള ഓപ്ഷൻ, ഒരു മിനിറ്റോളം നീളുന്ന സ്റ്റാറ്റസുകൾ, ഹിഡൻ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകൾ, ഓട്ടോ പ്ലേ അനിമേറ്റഡ് ഇമേജസ് തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാകുന്ന അപ്‌ഡേറ്റ് പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ് എന്നാണ് റിപ്പോർട്ടുകൾ.

ചില ബീറ്റ ടെസ്റ്ററുകളിൽ ഇപ്പോൾ ഇവ ലഭ്യമാണ്. ലിങ്ക്ഡ് ഡിവൈസിൽ നിന്നും സ്വകാര്യ ചാറ്റുകളെ സംരക്ഷിച്ച് നിർത്താനാണ് ലോക്ക്ഡ് ചാറ്റ് ഓപ്ഷൻ. ഇവ ഓപ്പൺ ചെയ്യാൻ ഒരു രഹസ്യ കോഡ് സൃഷ്ടിക്കുകയും വേണം.

മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ ഇനി ഒരു മിനിറ്റായി നീട്ടുന്നതാണ് അടുത്ത ഫീച്ചർ. വരുന്ന ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമാക്കും.

ഫോണിലേക്ക് അനാവശ്യമായി വരുന്ന കോളുകൾ സന്ദേശങ്ങളും വരാറുണ്ടോ. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. സ്പാം കോളുകളെയും സന്ദേശങ്ങളെയും നിയന്ത്രിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാരെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കുമാണ് തടയിടുക. ഇതിനുള്ള മാർഗനിർദേശങ്ങളുടെ കരട് കേന്ദ്രസർക്കാർ തയ്യാറാക്കിയതായാണ് വിവരം.

കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ഫെബ്രുവരിയിൽ ഉപഭോക്തൃ മന്ത്രാലയം രൂപം നൽകിയ സബ് കമ്മിറ്റിയാണ്. മെയ് 10ന് ഉപഭോക്തൃകാര്യ മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, ബിഎസ്എൻഎൽ, വോഡഫോൺ, റിലയൻസ്, എയർടെൽ എന്നിവരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

വാണിജ്യ ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്കെത്തുന്ന കോളുകളുടെ ഉപയോഗം, ആവശ്യവും അനാവശ്യവുമായവ വേർതിരിക്കാനും നിയമ ലംഘനം നടത്താത്തവയാണെന്ന് ഉറപ്പുവരുത്താനുമുള്ള മാർഗ നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.