Technology (Page 43)

കുവൈത്ത്: കുവൈത്തില്‍ ആദ്യമായി ഗൂഗിള്‍ പേ അവതരിപ്പിച്ച് നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് (എന്‍ബികെ). ഇത് എന്‍ബികെ കാര്‍ഡ് ഉടമകള്‍ക്ക് ലളിതവും സുരക്ഷിതവുമായ കോണ്‍ടാക്റ്റ്‌ലെസ് പേയ്മെന്റുകളും ഡിജിറ്റല്‍ കാര്‍ഡ് സ്റ്റോറേജും പ്രയോജനപ്പെടുത്താന്‍ പ്രാപ്തമാക്കുന്നു.

ഈ സേവനത്തിലൂടെ കുവൈറ്റില്‍ ഒരേസമയം ലോഞ്ച് ചെയ്യുന്ന ഡിജിറ്റല്‍ വാലറ്റായ ഗൂഗിള്‍ വാലറ്റില്‍ എന്‍ബികെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സംഭരിക്കാനും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ സ്വീകരിക്കുന്ന എവിടെയും പണമടയ്ക്കാനും എന്‍ബികെ കാര്‍ഡ് ഉടമകള്‍ക്ക് കഴിയും.

പേയ്മെന്റ് കാര്‍ഡുകള്‍ക്ക് പുറമേ, കാര്‍ഡ് ഉടമകള്‍ക്ക് ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിംഗ് പാസുകളും ഇവന്റ് ടിക്കറ്റുകളും ഗൂഗിള്‍ വാലറ്റില്‍ സേവ് ചെയ്യാനും ആക്സസ് ചെയ്യാനും കഴിയും. ഗൂഗിള്‍ പേ ഉപയോഗിക്കുന്നത് ഒന്നിലധികം സുരക്ഷാ പാളികളുള്ള പേയ്മെന്റുകള്‍ സുരക്ഷിതമാക്കുന്നു, എന്‍ബികെ കാര്‍ഡ് ഇതിനകം നല്‍കിയ പരിരക്ഷകളിലേക്ക് ചേര്‍ക്കുന്നവെന്നും എന്‍ ബി കെ അറിയിച്ചു,

ഫ്രഞ്ച് വ്യവസായിയായ ബര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്ന് ലോകസമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്..

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 18,000 കോടി ഡോളറിന്റെ ആസ്തിയാണ് മസ്‌കിന് ഉള്ളത്. 2023- ല്‍ മാത്രം സമ്ബത്തില്‍ 5,000 കോടി ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ടെസ്ല ഓഹരി വിലയില്‍ ഉണ്ടായ മുന്നേറ്റമാണ് ശതകോടീശ്വര പട്ടം തിരിച്ചുപിടിക്കാന്‍ മസ്‌കിനെ സഹായിച്ചത്.

2022 ഒക്ടോബറില്‍ ട്വിറ്ററിനെ ഏറ്റെടുത്തതോടെ മസ്‌കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഇത് ലോകസമ്ബന്നന്‍ എന്ന സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി. ഇക്കാലയളവില്‍ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി ടെസ്ല ഓഹരികള്‍ ഉയര്‍ന്ന തോതില്‍ മസ്‌ക് വിറ്റഴിച്ചിരുന്നു. നിലവില്‍, മസ്‌കിന് 13 ശതമാനം ഓഹരികള്‍ മാത്രമാണ് ടെസ്ലയില്‍ ഉള്ളത്. 2022 ഒക്ടോബര്‍ മുതല്‍ ബര്‍ണാഡ് അര്‍നോള്‍ട്ടായിരുന്നു ലോകസമ്ബന്നരുടെ പട്ടികയില്‍ ഒന്നാമന്‍. ഇത്തവണ ഇന്ത്യന്‍ വ്യവസായിയായ മുകേഷ് അംബാനി 8,110 കോടി ഡോളറിന്റെ ആസ്തിയുമായി പത്താം സ്ഥാനത്താണ്.

ഗൂഗിളിന്റെ സേവനങ്ങളിലും ഉല്‍പന്നങ്ങളിലും തെറ്റുകളും സുരക്ഷാ പിഴവുകളും കണ്ടെത്തി പരിഹരിക്കാന്‍ സഹായിച്ചവര്‍ക്ക് കൈനിറയെ പണവുമായി ഗൂഗിള്‍. കഴിഞ്ഞ വര്‍ഷം മാത്രം 1.2 കോടി ഡോളര്‍, അതായത് ഏകദേശം 99.51 കോടി രൂപയാണ് നല്‍കിയതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 700 ടെക് വിദഗ്ധര്‍ക്കാണ് തുക നല്‍കിയത്. ഇവര്‍ക്ക് ലഭിച്ച തുകയില്‍ 2.3 ലക്ഷം ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. ആന്‍ഡോയിഡ് പ്ലാറ്റ്‌ഫോമില്‍ 200-ലധികം പിഴവുകള്‍ കണ്ടെത്തിയ ബഗ്‌സ്മിററിലെ അമന്‍ പാണ്ഡെയായിരുന്നു ഒന്നാം സ്ഥാനത്തെന്ന് ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് ടീമിലെ സാറാ ജേക്കബ്‌സ് പറഞ്ഞു. 2019 മുതല്‍ ഇതുവരെ വിആര്‍പി പ്രോഗ്രാമില്‍ 500-ലധികം പിഴവുകളാണ് പാണ്ഡെ കണ്ടെത്തിയത്. ഗൂഗിള്‍, ആന്‍ഡ്രോയിഡ്, ക്രോം, ക്രോഒഎസ്, ചിപ്‌സെറ്റ്, ഗൂഗിള്‍ പ്ലേ എന്നിങ്ങനെയുള്ള വിആര്‍പികളില്‍ ഗവേഷകര്‍ക്ക് അതിവേഗം ബഗ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബഗ് ഹണ്ടേഴ്‌സ് പോര്‍ട്ടലും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. 2021-ലാണ് പൊതു ഗവേഷക പോര്‍ട്ടല്‍ അവതരിപ്പിച്ചത്. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഫെയിം അംഗീകാരം നല്‍കുന്നത്.

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. ഈ ലിസ്റ്റില്‍ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍ എന്നും നിലനിര്‍ത്തും. വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ പ്രതിഫലവും നല്‍കും.

സിഡ്നി: ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം ഇനി പണമടച്ച് ഉപയോഗിക്കാം. പണമടച്ചുള്ള സേവനം ആദ്യമായി ഓസ്ട്രേലിയ ന്യൂസലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ആരംഭിച്ചത്.

പരസ്യവരുമാനത്തില്‍ ഇടിവ് സംഭവിക്കുന്നതിനാലാണ് കമ്ബനി പണമടച്ചുള്ള സേവനം ആരംഭിച്ചത്. 11.9 ഡോളറാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി ഈടാക്കുന്ന പ്രതിമാസ നിരക്ക്. ഐഒഎസിലും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ 14.99 ഡോളറാകുമിത്. ഇനിമുതല്‍ ഏതൊരാള്‍ക്കും വേരിഫെഡ് അക്കൗണ്ട് സ്വന്തമാക്കാം. ഗവണ്‍മെന്റ് ഐഡി ഉണ്ടെങ്കിലും വെരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഐഡി ഉണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും ബ്ലൂ ബാഡ്ജിനായി അപേക്ഷിക്കുകയും ചെയ്യാം.

ഡല്‍ഹി: ആഗോള മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 69-ാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ആദ്യമായാണ് 100 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടുന്നത്. കഴിഞ്ഞ ജനുവരിയില്‍ 116-ാം സ്ഥാനത്തായിരുന്നു.

തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് യുഎഇയാണ്. ഖത്തര്‍, നോര്‍വേ, ദക്ഷിണ കൊറിയ, ഡെന്‍മാര്‍ക്ക് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെ ശരാശരി ഡൗണ്‍ലോഡ് വേഗത 29.85 എംബിപിഎസും ശരാശരി അപ്ലോഡ് വേഗത 6.16 എംബിപിഎസുമായിരുന്നു. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 79 ആം സ്ഥാനത്താണ്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ശരാശരി വേഗത 50.02 എംബിപിഎസും അപ്ലോഡിന് 48.77 എംബിപിഎസുമാണ്.

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് എത്രയും പെട്ടെന്ന് തന്നെ ചൈനീസ് ആപ്പായ ടിക്ടോക്ക് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍. കോര്‍പ്പറേറ്റ് ഫോണുകളില്‍ നിന്നും, പ്രൊഫഷണല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിന്നുമാണ് ടിക്ടോക്ക് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വക്താവ് തിയറി ബ്രെട്ടനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍, ഭൂരിഭാഗം വിദേശ രാജ്യങ്ങളെല്ലാം ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുന്നത് ചൈനീസ് കമ്ബനികളെ അടിച്ചമര്‍ത്താന്‍ രാഷ്ട്രീയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് തുല്യമാണെന്നും, ഇത്തരം നടപടികള്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവില്‍, യൂറോപ്യന്‍ യൂണിയന്റെ കനത്ത നിരീക്ഷണത്തിലാണ് ടിക്ക്‌ടോക്.

രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ ഇന്ത്യ ടിക്ക്‌ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും കനത്ത നിയന്ത്രണമാണ് ടിക്ക്‌ടോക്കിന് ഉള്ളത്. അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാന്‍ഡ്‌സെറ്റുകളില്‍ ടിക്ക്‌ടോക് ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഡാറ്റ, പകര്‍പ്പവകാശം, ഹാനികരമായ ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടിക്ടോക്ക് പരാജയപ്പെട്ടിട്ടുണ്ടെന്ന് പല രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ബില്യണ്‍ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടം തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്.

വാട്സ്ആപ്പില്‍ അയച്ചുകഴിഞ്ഞ സന്ദേശങ്ങളില്‍ തെറ്റുണ്ടായാല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ചെയ്യുന്നത്. എന്നാല്‍ ഇതിന് പകരം അവ എഡിറ്റ് ചെയ്യാന്‍ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സന്ദേശങ്ങള്‍ അയച്ച് 15 മിനുട്ടിനുള്ളില്‍ അവ എഡിറ്റ് ചെയ്യാനാണ് സൗകര്യമുണ്ടാകുക.

ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ് എഡിറ്റ് ബട്ടണ്‍ പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്ഷരത്തെറ്റുകളും ഗ്രാമര്‍ പിഴവുകളും തിരുത്താനും ചില വിവരങ്ങള്‍ ഒഴിവാക്കാനുമൊക്കെ ഇതുവഴി കഴിയും. നിലവില്‍ പരീക്ഷഘട്ടത്തിലുള്ള സംവിധാനം വാട്സ്ആപ്പ് ബീറ്റ ഐഒഎസ് 23.4.0.72 കണ്ടതായാണ് റിപ്പോര്‍ട്ട്.

ഇനിമുതല്‍ ഏതൊരാള്‍ക്കും ഫേസ്ബുക്ക് വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്ത ഏതൊരു സാധാരണക്കാരനും ബ്ലൂ ബാഡ്ജ് ഉള്ള അക്കൗണ്ട് നേടാന്‍ ഇതുവഴി സാധിക്കും.

ഗവണ്‍മെന്റ് ഐഡി ഉണ്ടെങ്കില്‍ വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാം. 11.99 ഡോളറാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി ഈടാക്കുന്ന പ്രതിമാസ നിരക്ക്. ഐഓഎസില്‍ 14.99 ഡോളറാകുമിത്. ഈയാഴ്ച തന്നെ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സേവനം ആരംഭിക്കും. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ തന്നെ ഈ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ എത്തുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഫേസ്ബുക്ക് പ്രൊഫൈലുകളുടെ ആധികാരികതയും സുരക്ഷയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കസ്റ്റമര്‍ സപ്പോര്‍ട്ടിലേക്ക് നേരിട്ട് ആക്സസ് ലഭിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നും സുക്കര്‍ബര്‍ഗ് ഉറപ്പുനല്‍കുന്നു.

മനുഷ്യനെ പോലെ സംഭാഷണ നടത്താനുള്ള കഴിവും ചോദ്യങ്ങളോട് കൃത്യമായ രീതിയില്‍ പ്രതികരിക്കാനുള്ള കഴിവും ജിപിടിയെ ഏറെ വ്യത്യസ്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുന്ന സന്ദേശങ്ങള്‍ മനുഷ്യര്‍ എഴുതിയതാണോ മെഷീന്‍ എഴുതിയ സന്ദേശമാണോ എന്ന് വേര്‍തിരിച്ചറിയാന്‍ ആളുകള്‍ക്ക് പ്രയാസമാണ്.

ചാറ്റ്ജിപിടി ഇതിനകം തന്നെ 200 പുസ്തകങ്ങള്‍ രചിച്ചെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ പുസ്തകങ്ങളെല്ലാം ആമസോണ്‍ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ചാറ്റ്ജിപിടി രചിച്ച 200 ലധികം പുസ്തകങ്ങള്‍ ആമസോണ്‍ സ്റ്റോറില്‍ ഉണ്ട്. ഇത് ഇ-ബുക്കുകളോ പേപ്പര്‍ബാക്കുകളോ ആയി ആമസോണില്‍ നിന്ന് വാങ്ങാന്‍ കഴിയും.

എഐ പുസ്തകങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഥ, കവിത, ലേഖനങ്ങള്‍, നോവല്‍, സ്‌ക്രിപ്റ്റ് അങ്ങനെ എന്തു വേണമെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ചാറ്റ്ജിപിടി രചിച്ചു നല്‍കും. കഥാപാത്രങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കിയാലും ഇല്ലെങ്കിലും ഏത് വിഷയത്തിലും കഥയും കവിതയും രചിച്ചുതരും. ഇത് എഴുത്തുകാര്‍ക്ക് വലിയൊരു വെല്ലുവിളിയാകുമെന്ന പ്രതീക്ഷയും നിലവിലുണ്ട്.