ലോകസമ്ബന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമനായി മസ്‌ക്

ഫ്രഞ്ച് വ്യവസായിയായ ബര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്ന് ലോകസമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്..

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 18,000 കോടി ഡോളറിന്റെ ആസ്തിയാണ് മസ്‌കിന് ഉള്ളത്. 2023- ല്‍ മാത്രം സമ്ബത്തില്‍ 5,000 കോടി ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ടെസ്ല ഓഹരി വിലയില്‍ ഉണ്ടായ മുന്നേറ്റമാണ് ശതകോടീശ്വര പട്ടം തിരിച്ചുപിടിക്കാന്‍ മസ്‌കിനെ സഹായിച്ചത്.

2022 ഒക്ടോബറില്‍ ട്വിറ്ററിനെ ഏറ്റെടുത്തതോടെ മസ്‌കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഇത് ലോകസമ്ബന്നന്‍ എന്ന സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി. ഇക്കാലയളവില്‍ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി ടെസ്ല ഓഹരികള്‍ ഉയര്‍ന്ന തോതില്‍ മസ്‌ക് വിറ്റഴിച്ചിരുന്നു. നിലവില്‍, മസ്‌കിന് 13 ശതമാനം ഓഹരികള്‍ മാത്രമാണ് ടെസ്ലയില്‍ ഉള്ളത്. 2022 ഒക്ടോബര്‍ മുതല്‍ ബര്‍ണാഡ് അര്‍നോള്‍ട്ടായിരുന്നു ലോകസമ്ബന്നരുടെ പട്ടികയില്‍ ഒന്നാമന്‍. ഇത്തവണ ഇന്ത്യന്‍ വ്യവസായിയായ മുകേഷ് അംബാനി 8,110 കോടി ഡോളറിന്റെ ആസ്തിയുമായി പത്താം സ്ഥാനത്താണ്.