സുരക്ഷാ പിഴവുകള്‍ പരിഹരിക്കാന്‍ സഹായിച്ചവര്‍ക്ക് കൈനിറയെ പണവുമായി ഗൂഗിള്‍

ഗൂഗിളിന്റെ സേവനങ്ങളിലും ഉല്‍പന്നങ്ങളിലും തെറ്റുകളും സുരക്ഷാ പിഴവുകളും കണ്ടെത്തി പരിഹരിക്കാന്‍ സഹായിച്ചവര്‍ക്ക് കൈനിറയെ പണവുമായി ഗൂഗിള്‍. കഴിഞ്ഞ വര്‍ഷം മാത്രം 1.2 കോടി ഡോളര്‍, അതായത് ഏകദേശം 99.51 കോടി രൂപയാണ് നല്‍കിയതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 700 ടെക് വിദഗ്ധര്‍ക്കാണ് തുക നല്‍കിയത്. ഇവര്‍ക്ക് ലഭിച്ച തുകയില്‍ 2.3 ലക്ഷം ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. ആന്‍ഡോയിഡ് പ്ലാറ്റ്‌ഫോമില്‍ 200-ലധികം പിഴവുകള്‍ കണ്ടെത്തിയ ബഗ്‌സ്മിററിലെ അമന്‍ പാണ്ഡെയായിരുന്നു ഒന്നാം സ്ഥാനത്തെന്ന് ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് ടീമിലെ സാറാ ജേക്കബ്‌സ് പറഞ്ഞു. 2019 മുതല്‍ ഇതുവരെ വിആര്‍പി പ്രോഗ്രാമില്‍ 500-ലധികം പിഴവുകളാണ് പാണ്ഡെ കണ്ടെത്തിയത്. ഗൂഗിള്‍, ആന്‍ഡ്രോയിഡ്, ക്രോം, ക്രോഒഎസ്, ചിപ്‌സെറ്റ്, ഗൂഗിള്‍ പ്ലേ എന്നിങ്ങനെയുള്ള വിആര്‍പികളില്‍ ഗവേഷകര്‍ക്ക് അതിവേഗം ബഗ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബഗ് ഹണ്ടേഴ്‌സ് പോര്‍ട്ടലും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. 2021-ലാണ് പൊതു ഗവേഷക പോര്‍ട്ടല്‍ അവതരിപ്പിച്ചത്. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഫെയിം അംഗീകാരം നല്‍കുന്നത്.

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. ഈ ലിസ്റ്റില്‍ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍ എന്നും നിലനിര്‍ത്തും. വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ പ്രതിഫലവും നല്‍കും.