Technology (Page 32)

ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ”ചാറ്റ് ലോക്ക്” ഫീച്ചറുമായി വാട്‌സ്ആപ്പ്. ഫീച്ചര്‍ നിലവില്‍ iOS, Android എന്നിവയിലെ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. ഈ ഫീച്ചര്‍ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങള്‍ കൂടുതല്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ സഹായിക്കും. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ആപ്പ് നേരത്തെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഹൈഡ് ചെയ്ത് വെക്കാന്‍ ആഗ്രഹിക്കുന്ന സംഭാഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

പാസ്വേര്‍ഡോ നിങ്ങളുടെ വിരലടയാളവും മുഖവും പോലുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഈ സംഭാഷണങ്ങള്‍ ലോക്ക് ചെയ്യാം. തിങ്കളാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ഈ ഫീച്ചറിലൂടെ ലോക്ക് ചെയ്ത ചാറ്റ് ത്രെഡുകളെ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റുമെന്ന് മെറ്റാ അവകാശപ്പെടുന്നു.

ഈ ചാറ്റുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകളോ അയച്ചയാളുടെ പേരോ സന്ദേശ പ്രിവ്യൂവോ ഒന്നും തന്നെ കാണിക്കില്ല. കൂടാതെ, ഈ ചാറ്റുകളില്‍ പങ്കിടുന്ന മീഡിയ ഫയലുകളൊന്നും ഫോണ്‍ ഗാലറിയില്‍ സ്വയമേ പ്രത്യക്ഷപെടില്ല. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ പതിപ്പ് ലഭിക്കുന്നത്. Android പതിപ്പ് 2.23.10.71 അല്ലെങ്കില്‍ iOS പതിപ്പ് 2.23.9.77-ല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ലോക്ക് ചെയ്ത ഫോള്‍ഡറിലേക്ക് ഏത് സംഭാഷണവും നീക്കാന്‍, ത്രെഡില്‍ ടാപ്പുചെയ്ത് ചാറ്റ് ലോക്കില്‍ ക്ലിക്കുചെയ്താല്‍ മതി.

പണം കൈമാറാമെന്നതിനൊപ്പം യാത്രാ ടിക്കറ്റ്, ഇന്‍ഷുറന്‍സ്, ഇലക്ട്രിസിറ്റി-വാട്ടര്‍ ബില്ലുകള്‍ അടക്കം പലതരത്തിലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനാല്‍ യുപിഐ ആപ്പുകളുടെ സ്വീകാര്യത ഇപ്പോള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.

യുപിഐ ആപ്പുകളുടെ ഉപയോഗം വര്‍ദ്ധിച്ചതിനൊപ്പം തന്നെ ഓണ്‍ലൈനായുള്ള തട്ടിപ്പുകളും സ്ഥിരമായിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് അധികമായി വിവരമില്ലാത്തവര്‍ മുതല്‍ അഭ്യസ്തവിദ്യരായവര്‍ വരെ ഒരു പോലെ കെണിയില്‍ വീഴാറുണ്ട് എന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളെ കൂടുതല്‍ ഗൗരവതരമാക്കുന്നത്. അശ്രദ്ധ മൂലമുള്ള ഒറ്റ ക്‌ളിക്കില്‍ അത് വരെയുള്ള സമ്ബാദ്യം മുഴുവന്‍ തട്ടിപ്പുകാര്‍ കൊണ്ട് പോയേക്കാം. അതിനാല്‍ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഇര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക.

യുപിഐ പിന്‍ അടക്കമുള്ള വിവരങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ടത്. പിന്‍ ആരുമായും പങ്കിടരുത്. യുപിഐ പിന്‍ അടക്കമുള്ള വിവരങ്ങള്‍ ഫോണ്‍ കോളോ, ഇമെയിലോ വഴി ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാങ്ക് അധികൃതര്‍ ആണെന്ന വ്യാജേനെയും ടാക്‌സ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനെന്നറിയിച്ചും തട്ടിപ്പുകാര്‍ നിങ്ങളില്‍ നിന്ന് യുപിഐ വിവരങ്ങള്‍ ആവശ്യപ്പെടാം. ഒടിടി സേവനങ്ങള്‍ അടക്കമുള്ളവയുടെ പേയ്‌മെന്റ് യുപിഐ വഴി നല്‍കുന്നവരുണ്ട്. ഇത്തരം ആവശ്യത്തിനായി ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണെന്ന് അറിയിച്ച് വരെ വിവരങ്ങള്‍ ആരാഞ്ഞ് തട്ടിപ്പ് നടന്നുവരുന്നുണ്ട്. പണം അയക്കുന്നത് ശരിയായുള്ള നമ്ബറിലേയ്ക്കാണ് എന്നതും ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ യുപിഐ വിവരങ്ങളോ സ്‌ക്രീന്‍ ഷോട്ടുകളോ പങ്കുവെയ്ക്കാതിരിക്കുക. പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വിശ്വസനീയമായ യുപിഐ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക. കൂടാതെ ഇത്തരം ആപ്പുകള്‍ ഗൂഗിള്‍ പ്‌ളേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങില്‍ നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. യുപിഐ പിന്‍ അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ക്‌ളിക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഉടനെ തന്നെ ബാങ്കിനെ അറിയിച്ച് സ്ഥിരീകരണവുമാകാം. അഥവാ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിന് ഇരയായാല്‍ ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാനും ശ്രദ്ധിക്കുക.

പല ഗ്രൂപ്പില്‍ നിന്നുള്ള അംഗങ്ങളെ സെലക്ട് ചെയ്ത ശേഷം കോള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ഗ്രൂപ്പ് കോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്.

ആദ്യ ഘട്ടത്തില്‍ പല ഗ്രൂപ്പുകളില്‍ നിന്നും കോള്‍ ചെയ്യാന്‍ പരമാവധി എട്ട് പേരെ മാത്രമാണ് അനുവദിക്കുക. പിന്നീട് അംഗങ്ങളുടെ എണ്ണം 32 ആയി ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട്. മാക് ഒഎസിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. പല ഗ്രൂപ്പില്‍ നിന്ന് സെലക്ട് ചെയ്യുന്നവരെ കോളിലേക്ക് ആഡ് ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ വീഡിയോ കോളും ഓഡിയോ കോളും ചെയ്യാന്‍ സാധിക്കുന്നതാണ്. അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളിലേക്കും ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

10 മിനിറ്റുള്ള വിഡിയോ കണ്ടുതീര്‍ക്കാന്‍ മൂന്നു നാല് പരസ്യങ്ങളിലൂടെ കടന്നുപോകേണ്ട അവസ്ഥയാണ് യൂട്യൂബില്‍. ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളില്‍ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിങ് എക്സ്റ്റന്‍ഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ തുരത്തുന്നത്. എന്നാലിപ്പോള്‍ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക് ചെയ്യാനൊരുങ്ങുകയാണ് യൂട്യൂബ്. പരസ്യവരുമാനത്തില്‍ വന്ന ഇടിവാണ് കമ്ബനിയെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം.

പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. അതിലൊരു പ്രധാന പങ്ക് യൂട്യൂബര്‍മാര്‍ക്കും കൊടുക്കും. ഈ കാരണം കൊണ്ട് ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യൂട്യൂബ് കരിയറാക്കി സുഖമായി ജീവിച്ച് പോകുന്നത്. 2023ന്റെ ആദ്യ പാദത്തില്‍ യൂട്യൂബിന്റെ പരസ്യ വരുമാനത്തില്‍ 2.6% വാര്‍ഷിക ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് പാദങ്ങളിലായി തുടരുന്ന പരസ്യവരുമാനത്തിലെ ഇടിവ് നികത്താനാണ് പുതിയ നീക്കത്തിലൂടെ കമ്ബനി ശ്രമിക്കുന്നത്. ഇനി യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യം ബ്ലോക്ക് ചെയ്യുന്നവര്‍ക്ക് വിഡിയോ കാണാന്‍ കഴിയില്ല. ചിലപ്പോള്‍ അക്കൗണ്ട് തന്നെ നഷ്ടപ്പെടും. അതുപോലൊരു പുതിയ ഫീച്ചര്‍ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോം പരസ്യ ബ്ലോക്കറുകള്‍ക്കെതിരെ സമീപകാലത്തായി ചില നീക്കങ്ങള്‍ നടത്തിവരുന്നുണ്ട്. പ്രധാനമായും കംപ്യൂട്ടറുകളില്‍ യൂട്യൂബ് വിഡിയോകള്‍ കാണുമ്‌ബോഴാണ് ആളുകള്‍ കൂടുതലായും ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്ഫോണുകളിലും ചില വെബ് ബ്രൗസറുകള്‍ ആഡ് ബ്ലോക്കിങ് ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്.

വാട്സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇലോണ്‍ മസ്‌ക്. ഉപയോഗിക്കാത്ത സമയത്ത് പോലും വാട്സാപ്പിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ട്വിറ്റര്‍ എന്‍ജിനീയര്‍ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് താഴെയാണ് മസ്‌കിന്റെ പ്രതികരണം.

ഇതിനായി ആന്‍ഡ്രോയ്ഡ് ഡാഷ്ബോര്‍ഡിന്റെ സ്‌ക്രീന്‍ഷോട്ടും ഫോഡ് പങ്കുവെച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.20 മുതല്‍ 6.53 വരെ പശ്ചാത്തലത്തില്‍ വാട്സാപ് ഫോണിലെ മൈക്രോഫോണ്‍ ആക്‌സസ് ചെയ്തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നത്. എന്നാല്‍ ഇത് ആന്‍ഡ്രോയ്ഡ് ഫോണിന്റെ സാങ്കേതിക പ്രശ്നമാണെന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. ഉപയോക്താക്കള്‍ക്ക് മൈക്രോഫോണിന്റെ ആക്സസില്‍ പൂര്‍ണ നിയന്ത്രണമുണ്ടെന്നും കോള്‍ റെക്കോര്‍ഡിലും വോയ്സ് കുറിപ്പ് വീഡിയോ റെക്കോര്‍ഡിലും മാത്രമെ മൈക്ക് ആക്സസ് ചെയ്യാനാവൂ എന്നും വാട്സ്ആപ്പ് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, എന്‍ക്രിപ്റ്റ് ചെയ്ത് നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ ട്വിറ്ററില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മസ്‌ക് പറഞ്ഞു. വാട്സാപ്പിന് സമാനമായ വോയ്‌സ്, വിഡിയോ കോള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ട്വിറ്ററിലും കൊണ്ടുവരുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.

ഗൂഗിളിന്റെ എല്ലാ സേവനങ്ങളും എഐയിലേക്ക് കൊണ്ടുവരാനാണ് നിലവിലെ നീക്കം. ഗൂഗിള്‍ ഐ/ഒ 2023 ഇവന്റില്‍ ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസിലും ആപ്പുകളിലും ലഭ്യമാകുന്ന ഒരു കൂട്ടം പുതിയ എഐ ഫീച്ചറുകളാണ് കമ്ബനി പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും എഐ ചാറ്റ്ബോട്ട് ബാര്‍ഡിന്റെ ലഭ്യത, ജിമെയില്‍, ഡോക്സ്, മറ്റ് വര്‍ക്ക്സ്പേസ് പ്രോഡക്ട്‌സ് എന്നിവയ്ക്കായുള്ള എഐ ടൂളുകള്‍, ഗൂഗിള്‍ ഫോട്ടോസിനായി പുതിയ മാജിക് എഡിറ്റര്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

മാജിക് ഇറേസര്‍, ഫോട്ടോ അണ്‍ബ്ലര്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ക്കായി നേരത്തേ തന്നെ ഗൂഗിള്‍ എഐ ഉപയോഗിച്ചിരുന്നു. എന്നാല്‍ പ്രഫഷണല്‍ ടൂളുകളില്ലാതെ ഫോട്ടോകളില്‍ പ്രധാന എഡിറ്റിങ്ങുകള്‍ നടത്താന്‍ സാധിക്കുന്ന ജനറേറ്റീവ് എഐ ഉപയോഗിക്കുന്ന മാജിക് എഡിറ്ററാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചത്. മാജിക് എഡിറ്റര്‍ ഉപയോഗിച്ച് ഫോട്ടോകളുടെ മുന്‍ഭാഗമോ പശ്ചാത്തലമോ പോലുള്ള പ്രത്യേക ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാനും വിടവുകള്‍ നികത്താനും മെച്ചപ്പെട്ട ഫ്രെയിമിലുള്ള ഷോട്ടിനായി സബ്ജക്റ്റുകള്‍ പുനഃസ്ഥാപിക്കാനും കഴിയും.

മാജിക് എഡിറ്റര്‍ ഉപയോഗിച്ച് ചെയ്യാം…

അനാവശ്യ വസ്തുക്കള്‍ നീക്കംചെയ്യുക: നിങ്ങളുടെ ഫോട്ടോകളില്‍ നിന്ന് ആളുകള്‍, മൃഗങ്ങള്‍, അല്ലെങ്കില്‍ വസ്തുക്കള്‍ എന്നിവ പോലുള്ള അനാവശ്യ വസ്തുക്കളെ മാജിക് എഡിറ്ററിന് സ്വയമേവ നീക്കം ചെയ്യാന്‍ കഴിയും. നിങ്ങളുടെ ഫോട്ടോകള്‍ വൃത്തിയാക്കാനും കൂടുതല്‍ പ്രഫഷണലായി കാണാനും ഇത് അനുയോജ്യമാണ്. ഉദാഹരണത്തിന് നിങ്ങളുടെ ഫോട്ടോയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെ നീക്കംചെയ്യാം അല്ലെങ്കില്‍ മുന്‍വശത്തുള്ള ഒരു ചവറ്റുകുട്ട നീക്കം ചെയ്യാം.

ആകാശം മാറ്റുക: മാജിക് എഡിറ്ററിന് ഫോട്ടോകളിലെ ആകാശം ആഗ്രഹിക്കുന്ന ഏത് നിറത്തിലേക്കും മാറ്റാന്‍ കഴിയും. ഫോട്ടോകളുടെ രൂപം മെച്ചപ്പെടുത്താനും അവ കൂടുതല്‍ രസകരമാക്കാനുമുള്ള മികച്ച മാര്‍ഗമാണിത്. ഉദാഹരണത്തിന്, സൂര്യാസ്തമയ പ്രഭാവം സൃഷ്ടിക്കാന്‍ ആകാശത്തെ നീലയില്‍ നിന്ന് ഓറഞ്ച് നിറത്തിലേക്ക് മാറ്റാം, അല്ലെങ്കില്‍ നിങ്ങളുടെ ഫോട്ടോ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ആകാശത്തെ മേഘാവൃതത്തില്‍ നിന്ന് തെളിഞ്ഞതാക്കാം.

വസ്തുവിന്റെ സ്ഥാനം മാറ്റുക: മാജിക് എഡിറ്ററിന് ഫോട്ടോകളിലെ വസ്തുവിന്റെ സ്ഥാനം പുനഃസ്ഥാപിക്കാന്‍ കഴിയും. ഫോട്ടോകളുടെ കോമ്‌ബോസിഷന്‍ മെച്ചപ്പെടുത്താനും അവയെ കൂടുതല്‍ ആകര്‍ഷകമാക്കാനുമുള്ള മികച്ച മാര്‍ഗമാണിത്. ഒരു വ്യക്തിയെ ഫോട്ടോയുടെ മധ്യഭാഗത്തേക്ക് മാറ്റാം, അല്ലെങ്കില്‍ കൂടുതല്‍ നിഴലുള്ള ഒരു സ്ഥലത്തേക്ക് മാറ്റാം.

ഇഫക്റ്റുകള്‍ ചേര്‍ക്കുക: മാജിക് എഡിറ്ററിന് ഫോട്ടോകളിലേക്ക് ഫില്‍ട്ടറുകള്‍, ബോര്‍ഡറുകള്‍, ടെക്സ്റ്റ് എന്നിവ പോലുള്ള വൈവിധ്യമാര്‍ന്ന ഇഫക്റ്റുകള്‍ ചേര്‍ക്കാന്‍ കഴിയും.

മൊബൈല്‍ പൊട്ടിത്തെറിക്കുന്നതായുള്ള വാര്‍ത്തകള്‍ ഈയിടെയായി നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നു എന്നുള്ളത് വാസ്തവമാണ്. എന്താണ് ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് കാരണം? എങ്ങനെയാണ് ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മൊബൈല്‍ ഫോണ്‍ എങ്ങനെ സൂക്ഷിക്കണം?

എന്നാല്‍, മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് പെട്ടെന്ന് സംഭവിക്കുന്നതാണെന്ന് കരുതരുത്. അപകടം വരുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നല്‍ തരുന്നുണ്ട്. അത് ശ്രദ്ധിക്കണം. അതില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ഫോണിന്റെ ബാറ്ററി തകരാര്‍ തന്നെയാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ലിഥിയം-അയേണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ബാറ്ററിക്ക് തകരാര്‍ സംഭവിച്ചാല്‍ ബാറ്ററിയിലടങ്ങിയ വസ്തുക്കളില്‍ രാസപ്രവര്‍ത്തനം നടക്കുകയും ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ എങ്ങനെയാണ് ബാറ്ററിക്ക് തകരാര്‍ സംഭവിക്കുന്നത്? എന്ന് ചിന്തിച്ചിട്ടുണ്ടോ?. അമിതമായ ചൂടാണ് ഫോണിന്റെ ബാറ്ററികള്‍ തകരാറിലാകാനുള്ള പ്രധാന കാരണം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ബാറ്ററിയോ അമിതമായി പ്രവര്‍ത്തിക്കുന്ന പ്രൊസസറോ പെട്ടെന്ന് ചൂടാകുന്നത് ഫോണിന്റെ രാസഘടനയെ ബാധിക്കും. ഇത് ശൃംഖലാ പ്രതിപ്രവര്‍ത്തനം അഥവാ ചെയിന്‍ റിയാക്ഷനിലൂടെ ബാറ്ററി അമിത ചൂട് ഉത്പാദിപ്പിക്കുന്നതിന് കാരണമാവുകയും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. വെയിലത്ത് ഫോണ്‍ ഏറെ നേരം വയ്ക്കുക, സിപിയുവിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മാല്‍വെയറിന്റെ സാന്നിദ്ധ്യം, ചാര്‍ജിംഗിലെ പ്രശ്‌നം എന്നിങ്ങനെ ഫോണ്‍ അമിതമായി ചൂടാകുന്നതിന് കാരണങ്ങളേറെയാണ്. മാത്രമല്ല വര്‍ഷങ്ങളേറെയായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ ആന്തരിക ഘടകങ്ങള്‍ വീര്‍ക്കുകയും അമിതമായി ചൂടാകുകയും ചെയ്യാറുണ്ട്. ഇതും ഫോണ്‍ പൊട്ടിത്തെറിക്ക് കാരണമാകും.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകള്‍ ഒഴിവാക്കാനായി ഫോണ്‍ കവര്‍ ഉപയോഗിക്കുക.

പൊരിവെയിലത്ത് നിന്നും, കനത്ത ചൂടില്‍ നിന്ന് മൊബൈല്‍ ഫോണിനെ സംരക്ഷിക്കുക

ഉറങ്ങുന്നിടത്ത് നിന്ന് ദൂരെ മാറി മാത്രം മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗില്‍ ഇടുക

നല്ല ബാറ്ററി ഹൈജീന്‍ നിലനിര്‍ത്തുക. മൊബൈല്‍ ഫോണ്‍ ബാറ്ററി 30 ശതമാനത്തിലേക്ക് താഴുമ്‌ബോള്‍ ചാര്‍ജ് ചെയ്യാനിടുകയും ബാറ്ററി 80 ശതമാനത്തിലെത്തുമ്‌ബോള്‍ ചാര്‍ജിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്.

ചാര്‍ജിംഗിനായി മൊബൈല്‍ ഫോണ്‍ കമ്ബനി നല്‍കിയ ചാര്‍ജറും കേബിളും മാത്രം ഉപയോഗിക്കുക. മറ്റ് ഫോണ്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാതിരിക്കുക.

മൊബൈല്‍ ഫോണിനെ ആക്രമിക്കുന്ന മാല്‍വെയറുകളെ കരുതിയിരിക്കുക.

നിര്‍മ്മാണത്തിലെ അപാകതയും മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാറുണ്ട്.

വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍. എന്നാല്‍, എപ്പോഴാണ് നടപടി ആരംഭിക്കുകയെന്ന് സിഇഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ആര്‍കൈവ് ചെയ്യുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്വിറ്ററിന്റെ നയമനുസരിച്ച് 30 ദിവസത്തില്‍ ഒരിക്കലെങ്കിലും ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ നിര്‍ജീവമാണെന്ന് കണക്കാക്കുവാനും സാധിക്കും.

ടോക്കിയോ: ഇന്ത്യന്‍ യുപിഐ പേയ്മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി ജപ്പാന്‍. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ യുപിഐ പ്ലാറ്റ്ഫോമിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ജി7 യോഗത്തിന് ശേഷം ജപ്പാന്‍ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഡിജിറ്റല്‍ മന്ത്രി കോനോ ടാരോ പറഞ്ഞു.

ഇന്ത്യന്‍ യുപിഐ പേയ്മെന്റ് സിസ്റ്റവുമായുള്ള സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. ഇന്ത്യ, സിംഗപൂര്‍,തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ജപ്പാനിലേക്കെത്തുന്ന വിദേശികള്‍ക്ക് ഇത് ഏറെ സഹായകരമാകും. ഒരു പുതിയ അന്താരാഷ്ട്ര ഡാറ്റാ ഓര്‍ഗനൈസേഷനായുള്ള ജപ്പാന്റെ നിര്‍ദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കണമെന്നും കോനോ ടാരോ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പേയ്മെന്റ് സംവിധാനവുമായി നിരവധി രാജ്യങ്ങള്‍ ഇതിന് മുന്‍പ് തന്നെ കരാറിലെത്തിയിട്ടുണ്ട്.

സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, മലേഷ്യ, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സേവനം പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഐ സേവനം ലഭ്യമാക്കുന്ന രാജ്യം നേപ്പാളാണ്. ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യ ബഹുദൂരം മുന്‍പന്തിയിലാണ്. രാജ്യത്തെ പ്രതിമാസ യുപിഐ പണമിടപാടുകളും നിരന്തരം വര്‍ദ്ധിച്ചുവരികയാണ്.

കാലിഫോര്‍ണിയ: ന്യൂസ് ഫോമില്‍ ബ്രോഡ് കാസ്റ്റ് മെസേജുകള്‍ ലഭ്യമാക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ഐ ഒ എസ് വേര്‍ഷനിലാണ് ചാനല്‍ ലിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നത്.

WABetaInfo പുറത്ത് വിട്ട റിപോര്‍ട്ടനുസരിച്ചു ഈ ഫീച്ചര്‍ സ്റ്റാറ്റസ് ബാറില്‍ അപ്‌ഡേറ്റ്‌സ് എന്ന പേരിലായിരിക്കും കാണിക്കുക. അതുകൊണ്ട് തന്നെ ഇനി മുതല്‍ സ്റ്റാറ്റസ് ബാറും ചാനല്‍ ലിസ്റ്റും ഒരുമിച്ചായിരിക്കും കാണിക്കുക. എന്നാല്‍, സ്റ്റാറ്റസുകള്‍ തിരശ്ചീനമായിട്ടായിരിക്കും കാണിക്കുക. ഇത് ചാനല്‍ ലിസ്റ്റുകള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കും എന്നത് കൊണ്ടാണ്. അതുപോലെ നിലവില്‍ സ്റ്റാറ്റസ് കാണുന്നിടത്ത് ചാനലുകള്‍ ക്രമീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തിലുള്ള ചാനലുകളെ ഫോളോ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കും. സേര്‍ച്ച് ചെയ്യുകയും ആവശ്യമായ അപ്‌ഡേറ്റുകളിലേക്ക് പെട്ടന്ന് എത്തന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ ഫീച്ചറിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ വരുന്ന അപ്‌ഡേറ്റില്‍ അത് കൊണ്ടുവരുമെന്നും കമ്ബനി അറിയിച്ചു.