വാട്സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മസ്‌ക്‌

വാട്സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇലോണ്‍ മസ്‌ക്. ഉപയോഗിക്കാത്ത സമയത്ത് പോലും വാട്സാപ്പിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ട്വിറ്റര്‍ എന്‍ജിനീയര്‍ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് താഴെയാണ് മസ്‌കിന്റെ പ്രതികരണം.

ഇതിനായി ആന്‍ഡ്രോയ്ഡ് ഡാഷ്ബോര്‍ഡിന്റെ സ്‌ക്രീന്‍ഷോട്ടും ഫോഡ് പങ്കുവെച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.20 മുതല്‍ 6.53 വരെ പശ്ചാത്തലത്തില്‍ വാട്സാപ് ഫോണിലെ മൈക്രോഫോണ്‍ ആക്‌സസ് ചെയ്തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നത്. എന്നാല്‍ ഇത് ആന്‍ഡ്രോയ്ഡ് ഫോണിന്റെ സാങ്കേതിക പ്രശ്നമാണെന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. ഉപയോക്താക്കള്‍ക്ക് മൈക്രോഫോണിന്റെ ആക്സസില്‍ പൂര്‍ണ നിയന്ത്രണമുണ്ടെന്നും കോള്‍ റെക്കോര്‍ഡിലും വോയ്സ് കുറിപ്പ് വീഡിയോ റെക്കോര്‍ഡിലും മാത്രമെ മൈക്ക് ആക്സസ് ചെയ്യാനാവൂ എന്നും വാട്സ്ആപ്പ് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, എന്‍ക്രിപ്റ്റ് ചെയ്ത് നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ ട്വിറ്ററില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മസ്‌ക് പറഞ്ഞു. വാട്സാപ്പിന് സമാനമായ വോയ്‌സ്, വിഡിയോ കോള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ട്വിറ്ററിലും കൊണ്ടുവരുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.