ഇന്ത്യന്‍ യുപിഐ പേയ്മെന്റ് സിസ്റ്റം; സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി ജപ്പാന്‍

ടോക്കിയോ: ഇന്ത്യന്‍ യുപിഐ പേയ്മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി ജപ്പാന്‍. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ യുപിഐ പ്ലാറ്റ്ഫോമിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ജി7 യോഗത്തിന് ശേഷം ജപ്പാന്‍ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഡിജിറ്റല്‍ മന്ത്രി കോനോ ടാരോ പറഞ്ഞു.

ഇന്ത്യന്‍ യുപിഐ പേയ്മെന്റ് സിസ്റ്റവുമായുള്ള സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. ഇന്ത്യ, സിംഗപൂര്‍,തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ജപ്പാനിലേക്കെത്തുന്ന വിദേശികള്‍ക്ക് ഇത് ഏറെ സഹായകരമാകും. ഒരു പുതിയ അന്താരാഷ്ട്ര ഡാറ്റാ ഓര്‍ഗനൈസേഷനായുള്ള ജപ്പാന്റെ നിര്‍ദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കണമെന്നും കോനോ ടാരോ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പേയ്മെന്റ് സംവിധാനവുമായി നിരവധി രാജ്യങ്ങള്‍ ഇതിന് മുന്‍പ് തന്നെ കരാറിലെത്തിയിട്ടുണ്ട്.

സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, മലേഷ്യ, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സേവനം പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഐ സേവനം ലഭ്യമാക്കുന്ന രാജ്യം നേപ്പാളാണ്. ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യ ബഹുദൂരം മുന്‍പന്തിയിലാണ്. രാജ്യത്തെ പ്രതിമാസ യുപിഐ പണമിടപാടുകളും നിരന്തരം വര്‍ദ്ധിച്ചുവരികയാണ്.