വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിർമ്മിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്തു; 2 പേർ അറസ്റ്റിൽ

കൊച്ചി: വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിർമ്മിച്ച് എറണാകുളം സ്വദേശിയിൽ നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ. കൊച്ചി സൈബർ പോലീസാ ണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രമുഖ ബിൽഡിംഗ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ പരാതിക്കാരനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വാട്ട്‌സ് ആപ്പ് അക്കൗണ്ടിൽ നിന്നും മെസ്സേജ് അയച്ച് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. ബീഹാറിലെ ഗോപാൽ ഗഞ്ച് എന്ന സ്ഥലത്തു നിന്നു അതി സാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2023 ജൂൺ ഒന്നാം തീയതി രജിസ്റ്റർ ചെയ്ത കേസ്സിലേക്ക് നടത്തിയ അന്വേഷണത്തിൽ 25 ലക്ഷത്തോളം രൂപ യുപിയിൽ നിന്നും 16 ലക്ഷം രൂപ ബീഹാറിൽ നിന്നുമാണ് ATM വഴി പിൻവലിച്ചിരിക്കുന്നതെന്ന് അറിവായതിനെ തുടർന്ന് പ്രതികൾ ഈ കേസിലേക്ക് ഉപയോഗിച്ച മൊബൈൽ നമ്പറുകളും IMEI വിവരങ്ങളും CCTV ഫുട്ടേജുകളും ശേഖരിച്ച് അന്വേഷണം നടത്തിയതിൽ ഉത്തർ പ്രദേശിലെ ബഹറായിച്ച്, സന്ത് കബീർ എന്നിവിടങ്ങളിൽ നിന്ന് 2023 ഓഗസ്റ്റ് മാസം നാലു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ബീഹാറിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നതിന്റെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണങ്ങളിൽ നിന്നും ബീഹാർ സ്വദേശികളായ അജീത് കുമാർ (23 വയസ്സ്), ഗുൽഷൻ കുമാർ (25 വയസ്സ്) എന്നിവരെ പോലീസ് പിടികൂടിയത്.

അജീത്ത് കുമാർ ICICI ബാങ്ക് പാട്‌ന ബ്രാഞ്ചിലെ റിലേഷൻഷിപ്പ് ഓഫീസറായിരുന്നു. ടിയാന്റെ ഔദ്യോഗിക അധികാരങ്ങൾ ദുരുപയോഗം ചെയ്ത് നടത്തിയ സൈബർ കേസിലേക്ക് രാജസ്ഥാൻ പോലീസ് 2022 ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ ഗുൽഷൻ കുമാറുമൊന്നിച്ച് സമാനമായ കുറ്റകൃത്യങ്ങൾ തുടർന്നു വരികയായിരുന്നു. ജോബ് കൺസൾട്ടന്റ് എന്ന പേരിൽ മറ്റു വ്യക്തികളുടെ ഡീറ്റയിൽസും അതിലേക്ക് എന്ന പേരിൽ എടുപ്പിക്കുന്ന അക്കൗണ്ടുകളുമാണ് പ്രതികൾ ഇത്തരത്തിലുള്ള തട്ടിപ്പിനായി ഉപയോഗിക്കുന്നത്.

2023 ൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് Aadhar Enabled Payment System (AEPS) വഴി പണം തട്ടാൻ ശ്രമിച്ചതിന് ഗോപാൽഗഞ്ച് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. ഗോപാൽഗഞ്ച് സൈബർ പോലീസ് ടിയാൻമാരെ അറസ്റ്റ് ചെയ്യുന്നതിന് നിരവധി തവണ ശ്രമിച്ചെങ്കിലും ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതികളെ കണ്ടെത്താൻ സാധിക്കാതിരുന്നിടത്താണ് കൊച്ചി സിറ്റി കമ്മീഷണർ ആന്റ് ഐജി S ശ്യാം സുന്ദർ IPS ന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കൊച്ചി സൈബർ പോലീസ് അതിസാഹസികമായി പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ K S IPS ന്റെ മേൽനോട്ടത്തിൽ തൃക്കാക്കര അസ്സി. കമ്മീഷണർ സന്തോഷ് സി. ആർ-ന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ ജയകുമാർ A, അസിസ്റ്റന്‌ഴറ് പോലീസ് സബ് ഇൻസ്‌പെക്ടറായ ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത് രാജ്, അരുൺ. ആർ, രാധാകൃഷ്ണൺ എന്നിവർ ചേർന്ന് ബീഹാറിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇതുവരെ ആറ് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.