Sports (Page 9)

ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് അടുത്ത സീസണിലേക്ക് ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തിരിക്കുന്നത് യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് . ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാര്‍ദ്ദിക്കിന് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അടക്കമുള്ള താരങ്ങളെ ഗുജറാത്ത് പരിഗണിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് ഇന്ത്യന്‍ ടീമിന്‍റെ ഭാവി നായകനാകുമെന്ന് കരുതുന്ന ഗില്ലിനെ തന്നെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി മികവ് കാട്ടിയാല്‍ ഗില്ലിന് ഭാവിയില്‍ ഇന്ത്യന്‍ നായകസ്ഥാനത്തേക്കും അവകാശവാദം ഉന്നയിക്കാനാവും.

മലയാളി താരം മിന്നു മണിയെ ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരെഞ്ഞെടുത്തു. മിന്നുമണി നയിക്കുക ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ എന്നീ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് .

ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ച് ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ടി20ക്ക് ഏകദിന ലോകകപ്പിലെ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്മാന്റെ പരിമിത ഓവർ കരിയർ അവസാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുത്തയ്യ മുരളീധരന്റെ പ്രതികരണം. ‘അദ്ദേഹത്തിന്റെ ഏകദിന ലോകകപ്പ് പ്രകടനം നിങ്ങൾ നോക്കൂ. അവൻ നൽകിയ തുടക്കം, രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടൂർണമെന്റിലുടനീളം രോഹിത് മികവ് തുടർന്നു. രോഹിത്തിന് ഇപ്പോൾ 36 വയസ് മാത്രമാണ്.

കരിയര്‍ അവസാനിപ്പിക്കേണ്ട പ്രായമായിട്ടില്ല. വിരാട് കോലിയെപ്പോലെ ഫിറ്റ്‌നസ് ശ്രദ്ധിച്ചാല്‍ ഇനിയും ലോകകപ്പ് കളിക്കാന്‍ രോഹിത്തിനാവും. ഇവർ യുവതാരങ്ങള്‍ക്കായി വഴിമാറേണ്ട സമയമായെന്ന് എങ്ങനെ പറയാന്‍ സാധിക്കും?’-മുത്തയ്യ മുരളീധരൻ ചോദിച്ചു.‘ഏകദിനത്തിൽ 130 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ബാറ്റ് ചെയ്തത്, അത് ടി20ക്ക് മോശമല്ല. പരിചയസമ്പന്നനായ കളിക്കാരനാണ് അദ്ദേഹം. 35 ന് ശേഷം ഫിറ്റ്‌നസിൽ കൂടുതൽ കഠിനാധ്വാനം ചെയ്യണം.

അവന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനിയും കളി തുടരും. അത് അവന്റെ ചിന്തക്കനുസരിച്ചിരിക്കും. അവന്‍ അടുത്ത ലോകകപ്പ് കൂടി കളിക്കുമെന്നാണ് കരുതുന്നത്’- മുരളീധരന്‍ പറഞ്ഞു. രോഹിത് ശര്‍മ ഏകദിന ലോകകപ്പിന്റെ ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകളുള്ളത്. രോഹിത്തിന് അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമില്‍ സ്ഥാനമുണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എയ്ഞ്ജല്‍ ഡി മരിയ അര്‍ജന്റീനയിൽ നിന്ന് വിരമിക്കുന്നു. മരിയ 2024ലെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുമെന്ന് വ്യക്തമാക്കി. താരം ഇക്കാര്യമറിയിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. കഴിഞ്ഞ 15 വര്‍ഷമായി 35 കാരനായ ഡി മരിയ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചുവരികയാണ്. മരിയ 2022 ലോകകപ്പില്‍ ഫൈനലില്‍ ഗോളടിച്ചിരുന്നു.

അര്‍ജന്റീനയ്‌ക്കൊപ്പം ഫൈനലിസ്സീമ, ലോകകപ്പ്, കോപ്പ അമേരിക്ക എന്നിവയിൽ പങ്കാളിയായി. 136 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെയാണ് കോപ്പ അമേരിക്ക നടക്കുന്നത്.ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് യു.എസ്സാണ്. ബെന്‍ഫിക്കയ്ക്ക് വേണ്ടിയാണ് ക്ലബ്ബ് തലത്തില്‍ നിലവില്‍ ഡി മരിയ കളിക്കുന്നത്. റയല്‍ മഡ്രിഡ്, പി.എസ്.ജി, യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.

ലോകകപ്പിന് പിന്നാലെ മാതാവ് അൻജും ആറയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി. ഇൻസ്റ്റാഗ്രാമിൽ മാതാവിന്റെ ചിത്രമുൾപ്പടെ പങ്കുവച്ചാണ് കുറിപ്പ്. ഇന്ത്യ-ആസ്‌ട്രേലിയ ലോകകപ്പ് ദിവസം അൻജും രോഗബാധിതയായിരുന്നു. പനിക്കു പിന്നാലെ മോഹാലസ്യം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ.. എത്രയും പെട്ടെന്ന് നിങ്ങൾക്ക് അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷ’-മാതാവിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കുറിച്ചു. അൻജുമിന്റെ ആരോഗ്യനില നിലവിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം.

അതേസമയം മുൻ പാക് ക്രിക്കറ്റർ ഹസൻ റാസയുടെ ആരോപണത്തിനെതിരെ ഷമി രംഗത്തെത്തിയിരുന്നു. ”ആദ്യത്തെ കുറച്ചു മത്സരങ്ങിൽ ഞാൻ ബെഞ്ചിലായിരുന്നു. ടീമിൽ തിരിച്ചെത്തിയപ്പോൾ അഞ്ചു വിക്കറ്റ് നേടി.എന്നാൽ, ചില പാകിസ്താൻ താരങ്ങൾക്ക് എന്റെ വിജയം ദഹിക്കുന്നില്ല.’ഇങ്ങനെയായിരുന്നു ഷമിയുടെ പ്രതികരണം. 24 വിക്കറ്റുമായി 2023ലെ ലോകകപ്പിൽ ഗോൾഡൻ ബാൾ സ്വന്തമാക്കിയത് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയായിരുന്നു. ആദ്യത്തെ നാലു മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന താരം തിരിച്ചുവരവിൽ എല്ലാവരെയും ഞെട്ടിച്ചു. ഇന്ത്യയുടെ അപരാജിതമായ വിജയക്കുതിപ്പിൽ നിർണായക പങ്കും വഹിച്ചു.

റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ലെന്നും റിവ്യു നോക്കിയല്ല സിനിമ കാണേണ്ടതെന്നും സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടതെന്നും പറഞ്ഞു. കാതലാണ് മമ്മൂട്ടി നായകനായി എത്തുന്ന പുതിയ സിനിമ. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

“റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്”. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.

ലോകകപ്പ് ഓസ്ട്രേലിയ നേടിയെങ്കിലും രാജ്യത്തിന് എന്നും അഭിമാനം ഏകുന്നവർ തന്നെയാണ് ക്രിക്കറ്റ് ടീം ഇന്ത്യ. രാജ്യത്തിന് അഭിമാനായ ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി.

ലോകകപ്പ് കിരീടം സ്വന്തമാക്കിയില്ലെങ്കിലും, ലോകകപ്പിലുട നീളം ടീം കാഴ്‌ച്ച വച്ച പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ‘ പ്രിയ ടീം ഇന്ത്യ, ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ‘ – നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

ഒപ്പം ഓസ്ട്രേലിയൻ ടീമിനും അദ്ദേഹം വിജയാശംസകൾ അറിയിച്ചു . ‘ ഗംഭീരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്‌ക്ക് അഭിനന്ദനങ്ങൾ! മികച്ച വിജയത്തിൽ കലാശിച്ച ടൂർണമെന്റിലൂടെ പ്രശംസനീയമായ പ്രകടനമായിരുന്നു അവരുടേത്. ഇന്നത്തെ ശ്രദ്ധേയമായ ഗെയിമിന് ട്രാവിസ് ഹെഡിന് അഭിനന്ദനങ്ങൾ.‘ മോദി കുറിച്ചു.

മുൻ പേസർ വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സെലക്ടർ ഇൻസമാം-ഉൾ-ഹഖ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. ബാറ്ററും മുൻ ക്യാപ്റ്റനുമായ ഇൻസമാം ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത് ഒക്ടോബർ 30നാണ്. 38 കാരനായ റിയാസിന്റെ ആദ്യ അസൈൻമെന്റ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ്. പാകിസ്ഥാൻ്റെ എവേ പരമ്പരകൾ ആരംഭിക്കുന്നത് ഡിസംബർ 14 മുതലാണ്.

ഡിസംബർ 14 മുതൽ ജനുവരി 7 വരെ ഓസ്‌ട്രേലിയയിലാണ് പാകിസ്ഥാൻ ടെസ്റ്റ് പരമ്പര കളിക്കുക. ന്യൂസിലൻഡിനെതിരായ ടി20 പരമ്പര അഞ്ച് മത്സരങ്ങളടങ്ങിയതാണ്. ജനുവരി 12 മുതൽ 21 വരെയാണ് മത്സരങ്ങൾ. റിയാസുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളിൽ മറ്റ് ദേശീയ സെലക്ടർമാരെ പിസിബി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ചാബ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് കൂടിയായ റിയാസ് 2020 മുതൽ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ലെങ്കിലും പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇപ്പോഴും സജീവമാണ്.

ഇന്‍സമാമിന് നിരവധി പാക് താരങ്ങളുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റ് തല്‍ഹ റഹ്മാനിയുടെ യാസോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇൻസമാമിനെതിരേ പിസിബി അന്വേഷണം ആരംഭിച്ചത്. പിന്നീട് അദ്ദേഹം രാജിവൈക്കുയും ചെയ്തു.

ലോകകപ്പിൽ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനലിൽ സ്ഥാനമുറപ്പിച്ചു. സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ 3 വിക്കറ്റ് വിജയവുമായാണ് ഓസ്‌ട്രേലിയ ഫൈനൽ ഉറപ്പിച്ചത്. നവംബർ 19നാണ് ഫൈനൽ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഓസീസിന്റെ എട്ടാമത് ഏകദിന ലോകക്കപ്പ് ഫൈനലാണിത്. അഞ്ചു തവണ കിരീടം വഹിച്ചിട്ടുണ്ട്. 1987, 1999, 2003,2007, 2015 എന്നിവയിലായിരിന്നു കിരീടം ലഭിച്ചത്. 1983, 2011 എന്നിവയിലായിരിന്നു ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയ ലക്ഷ്യത്തില്‍ ഏഴു വിക്കറ്റു നഷ്ടത്തിൽ 16 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയയെത്തിയത്. ട്രാവിസ് ഹെഡ് അർധ സെഞ്ചറി നേടി. 48 പന്തിൽ ഹെഡ് 62 റൺസെടുത്തു പുറത്തായി. വാലറ്റത്ത് ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസും (29 പന്തിൽ 14), മിച്ചൽ സ്റ്റാർക്കും (38 പന്തിൽ 16) ക്ഷമയോടെ നടത്തിയ പോരാട്ടമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. സ്റ്റീവ് സ്മിത്ത് (62 പന്തിൽ 30), ജോഷ് ഇംഗ്ലിസ് (49 പന്തിൽ 28) എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി.

ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഏഴ് വിക്കറ്റ് ന്യൂസിലന്‍ഡിനെതിരെ നേടിയതോടെയാണ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായത്. 23 വിക്കറ്റുകൾ ആറ്
മത്സരങ്ങള്ളിൽ നിന്ന് മാത്രമായി ഷമി സ്വന്തമാക്കിയിട്ടുണ്ട്.ഓസീസ് സ്പിന്നര്‍ ആഡം സാംപ (22 വിക്കറ്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദില്‍ഷന്‍ മധുഷങ്ക (21), ഷഹീന്‍ അഫ്രീദി (18), ജെറാള്‍ഡ് കോട്‌സീ (18), ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര (18) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.ഏറ്റവും വേഗത്തില്‍ ഇന്നിംഗ്‌സ് അടിസ്ഥാനത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ കൂടിയായി ഷമി. ഇപ്പോള്‍ 53 വിക്കറ്റുണ്ട് ഷമിക്ക്. കേവലം 17 ഇന്നിംഗ്‌സില്‍ നിന്നാണ് ഷമി ഇത്രയും വിക്കറ്റെടുത്തത്. മറികടന്നത് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ്. 19 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു സ്റ്റാര്‍ക്കിന്റെ നേട്ടം. മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗ (25), ന്യൂസിലന്‍ഡ് താരം ട്രന്റ് ബോള്‍ട്ട് (28) എന്നിവരാണ് മറ്റുതാരങ്ങള്‍. കൂടാതെ ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഷമി. മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത് (71), മുത്തയ്യ മുരളീധരന്‍ (68), മിച്ചല്‍ സ്റ്റാര്‍ക്ക് (59), ലസിത് മലിംഗ (56), വസിം അക്രം (55), ട്രന്റ് ബോള്‍ട്ട് (53) എന്നിവരാണ് 50ല്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.