ലോകകപ്പിൽ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ നവംബർ 19ന്

ലോകകപ്പിൽ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനലിൽ സ്ഥാനമുറപ്പിച്ചു. സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ 3 വിക്കറ്റ് വിജയവുമായാണ് ഓസ്‌ട്രേലിയ ഫൈനൽ ഉറപ്പിച്ചത്. നവംബർ 19നാണ് ഫൈനൽ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഓസീസിന്റെ എട്ടാമത് ഏകദിന ലോകക്കപ്പ് ഫൈനലാണിത്. അഞ്ചു തവണ കിരീടം വഹിച്ചിട്ടുണ്ട്. 1987, 1999, 2003,2007, 2015 എന്നിവയിലായിരിന്നു കിരീടം ലഭിച്ചത്. 1983, 2011 എന്നിവയിലായിരിന്നു ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയ ലക്ഷ്യത്തില്‍ ഏഴു വിക്കറ്റു നഷ്ടത്തിൽ 16 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയയെത്തിയത്. ട്രാവിസ് ഹെഡ് അർധ സെഞ്ചറി നേടി. 48 പന്തിൽ ഹെഡ് 62 റൺസെടുത്തു പുറത്തായി. വാലറ്റത്ത് ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസും (29 പന്തിൽ 14), മിച്ചൽ സ്റ്റാർക്കും (38 പന്തിൽ 16) ക്ഷമയോടെ നടത്തിയ പോരാട്ടമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. സ്റ്റീവ് സ്മിത്ത് (62 പന്തിൽ 30), ജോഷ് ഇംഗ്ലിസ് (49 പന്തിൽ 28) എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി.