ലുസൈല്‍: സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലിന് വിജയത്തുടക്കം. ആദ്യമൊക്കെ പിടിച്ചുനിന്നെങ്കിലും ആദ്യ പകുതിക്ക് ശേഷം സെര്‍ബിയ നിറംമങ്ങി. ഇരട്ടഗോള്‍ നേടി റിച്ചാര്‍ലിസണ്‍ ആണ് ബ്രസീലിന്റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു റിച്ചാര്‍ലിസണിന്റെ ഇരട്ടഗോളുകള്‍ പിറന്നത്.
62ാം മിനിട്ടില്‍ സൂപ്പര്‍താരം നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. സെര്‍ബിയന്‍ പ്രതിരോധനിരയെ വെട്ടിച്ച് പന്തുമായി നെയ്മര്‍ ബോക്‌സിലേക്ക് . വിനീഷ്യസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി, റീബൗണ്ട് മുതലാക്കി റിച്ചാര്‍ലിസണ്‍ പന്ത് ഗോള്‍വലയിലെത്തിച്ചു. പത്ത് മിനിട്ടുകള്‍ക്ക് ശേഷമായിരുന്നു ടൂര്‍ണമെന്റിലെ തന്നെ മനോഹരമായ ഗോള്‍ പിറന്നത്. വിനീഷ്യസിന്റെ പാസ് ബോക്‌സില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ ആക്രോബാറ്റിക് ശ്രമത്തിലൂടെ പന്ത് ഗോളാക്കിമാറ്റുകയായിരുന്നു.

