ഖത്തര്‍ ലോകകപ്പില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. കളിയുടെ 44 ാം മിനിറ്റില്‍ മിച്ചി ബാറ്റ്ഷുവായിയാണ് വിജയ ഗോള്‍ നേടിയത്. ടോബി അള്‍ഡെര്‍വൈറെല്‍ഡിന്റെ പാസ് ബാറ്റ്ഷുവായി വലയിലെത്തിക്കുകയായിരുന്നു. മൂന്ന് പോയന്റുമായി ഖത്തര്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാന്‍ ബെല്‍ജിയത്തിനായി.
കളി ബല്‍ജിയം നിയന്ത്രണത്തിലാക്കുമ്‌ബോഴെല്ലാം പന്തു പിടിച്ചെടുത്ത് ബല്‍ജിയത്തിന്റെ ബോക്‌സിലേക്കു തുടര്‍ച്ചയായി കനേഡിയന്‍ താരങ്ങള്‍ ഇരച്ചെത്തിക്കൊണ്ടിരുന്നു. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാഞ്ഞതാണ് കാനഡയ്ക്ക് തിരിച്ചടിയായത്. ടയോണ്‍ ബുക്കാനനും, അള്‍ഫോണ്‍സോ ഡേവിസും, ജൊനാഥന്‍ ഡോവിഡും ജൂനിയര്‍ ഹോയ്ലെറ്റും തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചില്ല. കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ കാനഡയ്ക്കായിരുന്നില്ല. ബോക്‌സില്‍ വെച്ച് യാന്നിക് കരാസ്‌കോയുടെ കൈയില്‍ പന്ത് തട്ടിയതിനായിരുന്നു പെനാല്‍റ്റി. വാര്‍ പരിശോധിച്ചാണ് റഫറി തീരുമാനമെടുത്തത്. എന്നാല്‍ അല്‍ഫോണ്‍സോ ഡേവിസിന്റെ കിക്ക് തിബോ കുര്‍ട്ടോ രക്ഷപ്പെടുത്തി. 30-ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച അലിസ്റ്റര്‍ ജോണ്‍സന്റെ ഷോട്ടും കുര്‍ട്ടോ രണ്ടാമതും തടുത്തിട്ടു.
എന്നാല്‍, 44-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ രക്ഷകനായി അയാള്‍ അവതരിച്ചു. മിച്ചി ബാറ്റ്ഷുവായി. ടോബി അര്‍ഡെര്‍വൈല്‍സ് നല്‍കിയ പാസ് മിച്ചി ഒരു സങ്കോചവും കൂടാതെ വലയിലെത്തിച്ച് ടീമിനെ ലീഡിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആദ്യ പകുതി സൃഷ്ടിച്ച ആക്രമണ ഫുട്ബോള്‍ ഇരുടീമുകളും പുറത്തെടുത്തില്ല. ഗോള്‍ തിരച്ചടിക്കാന്‍ കാനഡ തുനിഞ്ഞിറങ്ങിയപ്പോള്‍ പ്രതിരോധത്തിന്റെ മതില്‍ കെട്ടാനാണ് ബെല്‍ജിയം ശ്രമിച്ചത്. മികച്ച മുന്നേറ്റങ്ങളിലൂടെ ഇരു ടീമും എതിര്‍ ടീമിന്റെ ബോക്‌സിലേക്ക് കുതിച്ചു.കളിയുടെ 66 ാം മിനിറ്റില്‍ മിച്ചി ഒറ്റായനായി കനേഡിയന്‍ ഗോള്‍ വല ലക്ഷ്യമാക്കി കുതിച്ചെങ്കിലും ലക്ഷ്യത്തിലെത്തുംമുമ്ബ് ആ നീക്കം അവസാനിച്ചു. 79 മിനിറ്റില്‍ ജോണ്‍സ്റ്റണില്‍ നിന്നുള്ള ക്രോസ് ലാറിന്റെ തലയില്‍, മികച്ച ഒരു ഹെഡറിലൂടെ ബോള്‍ ബെല്‍ജിയം വലയിലേക്ക് കുതിച്ചെങ്കിലും അവിടെ ഒരു കാവല്‍ക്കാരന്‍ ഉണ്ടെന്ന് അവര്‍ മറന്ന് പോയിരുന്നു. കുര്‍ട്ടോ അത് അനായാസമായി കൈപ്പിടിയിലൊതുക്കി. കളിയുടെ അവസാന നിമിഷത്തില്‍ കളി സമനിലയിലാക്കാനുള്ള ശ്രമങ്ങള്‍ കനേഡിയന്‍ താരങ്ങള്‍ നടത്തിനോക്കിയെങ്കിലും ലക്ഷ്യം കാണാതെ അവസാനിച്ചു.

