പാരീസ് : റൊണാൾഡോ , കരീം ബെൻസേമ എന്നിവരുടെ ചുവടു പിടിച്ച് ബ്രസീൽ താരം നെയ്മർ പ്രോ ലീഗിലേക്ക് നീങ്ങുന്നു. രണ്ട് വർഷത്തേക്കുള്ള കരാറിൽ 98.5 മില്യൺ ഡോളറിലാണ് നെയ്മറെ പി എസ് ജിയിൽ നിന്ന് അൽഹിലാലിലെത്തിക്കുന്നത്. പി എസ് ജിയിൽ നിന്നും നെയ്മർ ബാഴ്സലോണയിലേക്ക് പോകുമെന്നാണ് ആദ്യം വാർത്തകൾ വന്നിരുന്നത്. എന്നാൽ പിന്നീട് സൗദി പ്രോ ലീഗിലേക്ക് പോകാൻ താരം തീരുമാനിക്കുകയായിരുന്നു. ഫുട്ബോൾ ട്രാൻസ്ഫർ വിദഗ്ദ്ധനായി അറിയപ്പെടുന്ന ഫാബ്രിസിയോയാണ് നെയ്മറിന്റെ ചുവടുമാറ്റം ഔദ്യോഗികമായി അറിയിച്ചത്.
അൽ ഹിലാലിൽ 88 മില്യൺ ഡോളറായിരിക്കും താരത്തിന്റെ പ്രതിഫലം. 2017 ൽ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്കായിരുന്നു ബ്രസീൽ സൂപ്പർ താരം ബാഴ്‌സലോണയിൽ നിന്ന് പി എസ് ജിയിലെത്തിയത്. എന്നാൽ ക്ലബ്ബിൽ 6 സീസൺ പൂർത്തിയാക്കിയിട്ടും ടീമിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കാൻ നെയ്മറിന് കഴിഞ്ഞില്ല. അതേ സമയം ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ പി എസ് ജിയിൽ തുടരുമെന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും അറിയാൻ കഴിയുന്നത്.

