കെ എൽ രാഹുലിന് പരിക്ക് ; ഏഷ്യാകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ കെഎൽ രാഹുലിന് വീണ്ടും പരിക്ക്. മുൻപ് കാലിനേറ്റ പരിക്ക് മാറിയതിന് ശേഷമാണ് രാഹുൽ ഏഷ്യ കപ്പിനുള്ള ടീമിൽ ഇടം പിടിച്ചത്. ഇപ്പോൾ പരിശീലനത്തിനിടെ താരത്തിന് ചെറുതായി പരിക്കേറ്റതിനാൽ ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാകുമെന്നാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചിരിക്കുന്നത്. താരത്തിന് മുൻപുണ്ടായ പരിക്കുമായി പുതിയ പരിക്കിന് ബന്ധമില്ലെന്നും പരിശീലകൻ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം ഏഷ്യാകപ്പിൽ പങ്കെടുക്കാനായി ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചെങ്കിലും കെ എൽ രാഹുൽ ടീമിനൊപ്പം പോയിട്ടില്ല. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരത്തിന്റെ ചികിത്സ തുടരുകയാണ്. ഫിറ്റ്നസ് ഉറപ്പുവരുത്തിയ ശേഷം മാത്രമേ കെ എൽ രാഹുലിന്റെ ഏഷ്യാ കപ്പിലേക്കുള്ള പങ്കാളിത്തത്തെ സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.