ന്യൂ ഡൽഹി : ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളോ പ്രമോഷണൽ ഉള്ളടക്കമോ കാണിക്കുന്നതിൽ നിന്ന് ഉടൻ വിട്ടുനിൽക്കാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും ഓൺലൈൻ പരസ്യ ഇടനിലക്കാരോടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. അല്ലാത്തപക്ഷം അത്തരക്കാർക്ക് എതിരെ സർക്കാർ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് സർക്കാർ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത്തരം പരസ്യങ്ങൾക്കായി പണം നൽകുന്നതിന് കള്ളപ്പണം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇതിലൂടെ ഉൾപ്പെട്ടേക്കാവുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ആവർത്തിച്ചുള്ള ഉപദേശങ്ങൾ ഉണ്ടായിരുന്നിട്ടും, പരസ്യ ഇടനിലക്കാരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെയുള്ള ചില മാധ്യമ സ്ഥാപനങ്ങൾ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളിൽ വാതുവെപ്പും ചൂതാട്ടവും പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ അനുവദിച്ചിരുന്നു.
ഒരു പ്രധാന കായിക ഇനത്തിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ, അത്തരം വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പ്രോത്സാഹനം വർദ്ധിപ്പിക്കുന്ന പ്രവണത ഉണ്ടെന്നും നിരീക്ഷിക്കപ്പെടുന്നതായും , കൂടാതെ അത്തരത്തിലുള്ള ഒരു സുപ്രധാന അന്താരാഷ്ട്ര ഇവന്റ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. പ്രസ്സ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്ക് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പത്രങ്ങൾ, സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ, ഡിജിറ്റൽ മീഡിയയിലെ വാർത്തകളുടെയും സമകാലിക വിഷയങ്ങളുടെയും ഉള്ളടക്ക പ്രസാധകർ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
2022 ജൂൺ 13, 2022 ഒക്‌ടോബർ 3, 2023 ഏപ്രിൽ 6 എന്നീ തീയതികളിലെ സമാന ഉത്തരവുകൾ പിന്തുടരുന്നുകൊണ്ടാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അതിനാൽ ഏതെങ്കിലും മാധ്യമ പ്ലാറ്റ്‌ഫോമിൽ നേരിട്ടോ അല്ലാതെയോ അത്തരം പ്രവർത്തനങ്ങളുടെ പരസ്യമോ പ്രമോഷനോനടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിനും പ്രസ് കൗൺസിൽ നിയമത്തിനും കീഴിലുള്ള വിവിധ വകുപ്പുകൾ പ്രകാരം തെറ്റാണെന്നും ഉത്തരവിൽ പരാമർശിക്കുന്നു. ഇൻഫർമേഷൻ ടെക് അനുവദനീയമല്ലാത്ത ഒരു ഓൺലൈൻ ഗെയിമിന്റെ പരസ്യം അല്ലെങ്കിൽ സറഗേറ്റ് പരസ്യം അല്ലെങ്കിൽ പ്രമോഷൻ സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങൾക്കെതിരെയും അല്ലെങ്കിൽ അത്തരം ഓൺലൈൻ ഗെയിം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഇടനിലക്കാർക്കെതിരെയും നിയമങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെ കേന്ദ്ര സർക്കാർ, മന്ത്രാലയം, മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളോടും അത്തരം പരസ്യങ്ങൾ/പ്രമോഷണൽ ഉള്ളടക്കങ്ങൾ ഏതെങ്കിലും രൂപത്തിൽ കാണിക്കുന്നതിൽ നിന്ന് ഉടനടി വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നുന്നുണ്ട് പരാജയപ്പെട്ടാൽ സർക്കാർ വിവിധ ചട്ടങ്ങൾ പ്രകാരം ഉചിതമായ നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

