ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. 74-ാം മിനിറ്റിൽ നായകൻ അഡ്രിയാൻ ലൂണയുടേതാണ് വിജയഗോൾ. രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. ഒരു ഗോളിന്റെ വ്യത്യാസത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.
ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും മികച്ചത് എന്ന് പറയുവാൻ കഴിയുന്ന നീക്കങ്ങൾ ആദ്യ പകുതിയിൽ ഉണ്ടായില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ആവേശം കരുത്താർജിച്ചത്. ദിമിത്രിയോസ് ഡയമന്റക്കോസിനെ 62-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധിപൂർവ്വമായ പ്രകടനമാണ് നടന്നത്.
74-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നു. അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. പിന്നീട് പന്തിന്റെ നിയന്ത്രണം നിലനിർത്താനായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമം. ബാക്കിയുള്ള 16 മിനിറ്റിലും ഇഞ്ചുറി ടൈമിലെ ഏഴ് മിനിറ്റിലും ജംഷഡ്പൂരിന് മറുപടി ഗോൾ നൽകാനായില്ല. അങ്ങനെ തുടർച്ചയായി രണ്ടാം ജയം ബ്ലാസ്റ്റേഴ്സിന് സ്വന്തം.

