Recent Posts (Page 3,097)

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ വൻതിരക്ക്. വയോധികരടക്കം പൊരിവെയിലത്ത് ക്യൂവിൽ നിൽക്കുകയാണ്. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തർ‌ക്കത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. പൊലീസെത്തി തിരക്ക് നിയന്ത്രിച്ചു. ടോക്കൺ സംവിധാനം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാക്‌സിനെടുക്കാൻ എത്തിയവരിൽ അധികവും അമ്പത് വയസിൽ പ്രായമുളളവരാണ്.

പലരും പൊരിവെയിലിൽ ക്ഷീണിതരായിരുന്നു.രോഗവ്യാപനം തീവ്രമായ എറണാകുളത്തും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെയും വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. സ്വകാര്യ ആശുപത്രികളിൽ അവശേഷിക്കുന്നത് 5000 ഡോസ് മാത്രമാണ്. ഇത് ഇന്ന് തീരും. അതെസമയം നാളെ മുതൽ പിഴവുകളില്ലാതെ വാ‌ക്‌സിൻ വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.സർക്കാർ ആശുപത്രികളിൽ വാക്‌സിൻ നാളെ തീരും.തലസ്ഥാന നഗരിയിലെ പ്രധാന വാക്‌സിൻ വിതരണ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സാമൂഹ്യ അകലം പോലും പാലിക്കപ്പെട്ടില്ല.

covid

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതല്‍ 24 – 48 മണിക്കൂര്‍ കൂടുമ്പോള്‍ കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. ഇവര്‍ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

രോഗ തീവ്രതയനുസരിച്ച് നല്‍കേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും പുതിയ മാര്‍ഗരേഖയില്‍ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്‌സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം.

പ്ലാസ്മ തെറാപ്പി ആവശ്യമെങ്കില്‍ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കാം. രണ്ടാം തരംഗത്തില്‍ രോഗ ലക്ഷണങ്ങള്‍ക്കുറഞ്ഞവര്‍ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ മാര്‍ഗരേഖ ഇറക്കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍. ‘കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു’യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.

‘ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരും. പകര്‍ച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ അന്തരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാന്‍ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ദൃഢനിശ്ചയത്തിലാണ്’അദ്ദേഹം വ്യക്തമാക്കി.600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.

അതേസമയം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദഗ്ധ ഡോക്ടടര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

oscar

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ദി ഫാദര്‍’ എന്ന സിനിമയിലെ പ്രകടനത്തിന് 83-ാം വയസ്സില്‍ ആന്റണി ഹോപ്കിന്‍സ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. നൊമാഡ് ലാന്‍ഡ് ചിത്രത്തിലെ പ്രകടനത്തിന് ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് മികച്ച നടിയായി.മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ ഡ്രാമ ചിത്രം നൊമാഡ്‌ലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായിക മികച്ച സംവിധായികയ്ക്കുള്ള പുരക്‌സാരവും നേടിയിരുന്നു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം സൗത്ത് കൊറിയന്‍ നടി യൂന്‍ യോ ജുങ് (മിനാരി) നേടിയപ്പോള്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന നേട്ടത്തിനര്‍ഹയായി ക്‌ളോയി ഷാവോ. ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് വേഷമിട്ട ‘നൊമാഡ്‌ലാന്‍ഡ്’ എന്ന ചിത്രത്തിനാണ് ക്‌ളോയി പുരസ്‌കാരം നേടിയത്.
മണ്‍മറഞ്ഞുപോയ പ്രതിഭകള്‍ക്ക് ഓസ്‌കര്‍ അക്കാദമി ആദരമര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്നും ഭാനു അത്തയ്യയ്ക്കും ഇര്‍ഫാന്‍ ഖാനും ആദരമര്‍പ്പിച്ചു.മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ‘സൗണ്ട് ഓഫ് മെറ്റല്‍’ സ്വന്തമാക്കി.

മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്‌കാരം ‘മാന്‍ക്’ സ്വന്തമാക്കി. ഡേവിഡ് ഫെഞ്ചര്‍ ആണ് സംവിധാനം. ഡൊണാള്‍ഡ് ഗ്രഹാം ബര്‍ട്ട്, ജാന്‍ പാസ്‌കേല്‍ എന്നിവര്‍ പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം സ്വീകരിച്ചു. എറിക് മെസ്സെര്‍സ്മിഡ് ആണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റായി ‘കോലെറ്റ്’ തെരഞ്ഞെടുക്കപ്പെട്ടു. മൈ ഒക്ടോപസ് ടീച്ചര്‍ മികച്ച ഡോക്യുമെന്ററി ഫീച്ചറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ റീസ് വിഥെര്‍സ്പൂണ്‍ പീറ്റ് ഡോക്ടര്‍ക്കും ഡാന മുറെക്കും സമ്മാനിച്ചു. ‘സോള്‍’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. സൗണ്ട് ഓഫ് മെറ്റല്‍ എന്ന ചിത്രത്തിന് വേണ്ടി മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. റൈസ് അഹമ്മദ് പുരസ്‌കാരം സമ്മാനിച്ചു. മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ആന്‍ റോത് നേടി. ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് പുരസ്‌കാരം.

covid

തൊടുപുഴ: സംസ്ഥാനത്ത് കൂടുതല്‍ ഡോമിസിലറി കെയര്‍ സെന്ററുകള്‍ തുടങ്ങുന്നു. ആവശ്യമെങ്കില്‍ ഓരോ താലൂക്കുകളിലും സെന്റര്‍ തുറക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.മതിയായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വീട്ടില്‍ ഇല്ലാത്തവരുമായ കോവിഡ് രോഗികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് ഡോമിസിലറി കെയര്‍ സെന്റര്‍.
ഇടുക്കി ജില്ലയില്‍ മൂന്ന് ഡോമിസിലറി കെയര്‍ സെന്റര്‍ തുറക്കും. ഓരോ സെന്ററിലും 600 കിടക്കകള്‍ വച്ച് 1800 കിടക്കകള്‍ മൂന്നിടത്തുമായി സജ്ജീകരിക്കും. ഇവിടെ വച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും.

pinarayi

കൊവിഡ് ബാധിച്ച് യുപി ജയിലില്‍ ക‍ഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് എം.പിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്ത് നല്‍കി.

പത്രപ്രവർത്തക യൂണിയൻ തിങ്കളാഴ്ച കരിദിനം ആചരിക്കും. ആശുപത്രി കിടക്കയില്‍ ചങ്ങലയില്‍ പൂട്ടിയ നിലയിലാണ് സിദ്ധിഖ് കാപ്പനുള്ളത്. യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്.എന്നാല്‍ കാപ്പന് വിദഗ്ദ ചികിത്സ നല്‍കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍.

കാപ്പന് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് കാണിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിണറായി വിജയന്‍ കത്ത് നല്‍കി.ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാപ്പന്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച ആശങ്കകളെകുറിച്ചും കത്തില്‍ പറയുന്നു.

ന്യൂഡല്‍ഹി: റെംഡെസിവിർ അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍, ദോഷം ചെയ്യുമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഓക്‌സിജന്‍ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും പൂഴ്ത്തിവെയ്ക്കരുതെന്നും ഡോ. ഗുലേറിയ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.റെംഡെസിവിറിന്റെ ഉപയോഗം കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ ആശുപത്രിവാസം കുറയ്ക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ഗുരുതരമല്ലാത്ത രോഗലക്ഷണമുളളവര്‍ക്ക് റെംഡെസിവിർ ആവശ്യമില്ലെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. വീട്ടില്‍ സ്വയം നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ന് മുകളിലാണെങ്കില്‍ റെംഡെസിവിർ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വൈറസ് ഗുരുതരമായി ബാധിക്കുന്നവരില്‍ മാത്രമേ റെംഡെസിവിര്‍ മരുന്ന് ശുപാര്‍ശ ചെയ്യാമെന്നും ഓക്‌സിജന്‍ സാച്ചുറേഷനില്‍ 93ന് താഴെയുള്ളവര്‍ക്ക് മാത്രമേ റെംഡെസിവിര്‍ ആവശ്യമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ കേവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ബ്രിട്ടന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു.

ആലപ്പുഴ: രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു സാഹചര്യത്തിൽ ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഓക്‌സിജന് വേണ്ടി നെട്ടോട്ടമോടുകയാണ്. എന്നാൽ കേരളത്തിൽ നിലവിൽ ആവശ്യത്തിലധികം ഓക്‌സിജൻ സംസ്ഥാനത്തുണ്ട്. രാജ്യത്ത് ഓക്‌സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏകസംസ്ഥാനം കേരളമാണെന്ന് വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോയും) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ ആർ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.മറ്റു സംസ്ഥാനങ്ങൾ ഓക്‌സിജൻ ക്ഷാമം നേരിടുമ്പോൾ കേരളത്തിലുള്ളവർക്ക് ‘ശ്വാസം മുട്ടാതെയിരിക്കുന്നതിന്’ പിന്നിൽ സംസ്ഥാന സർക്കാരിന്റെ ഒരു വർഷം നീണ്ട ആസൂത്രണമാണ്.

എല്ലാ മുന്നിൽക്കണ്ട് പെസോയും സംസ്ഥാന ആരോഗ്യവകുപ്പും ചേർന്ന് പ്രവർത്തിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഓക്‌സിജൻ പ്ലാന്റുകളുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ മീറ്റിംഗ് പെസോ വിളിച്ചത്. പതിനൊന്ന് എയർ സെപ്പറേഷൻ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആ സമയത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ഇതിൽ അഞ്ചെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും, ഓക്‌സിജൻ ആവശ്യം വരുമെന്നും അവർ ബോധ്യപ്പെടുത്തി.തുടർന്ന് പ്രവർത്തിക്കാത്ത ഓക്സിജൻ യൂണിറ്റുകൾ പ്രവർത്തനത്തിനൊരുങ്ങി.എന്നാൽ ലോക്ക് ഡൗൺ മൂലം ആവശ്യമായ യന്ത്രഭാഗങ്ങൾ എത്തിക്കാൻ സാധിച്ചില്ല. പെസോ മുൻകൈയെടുത്തതോടെ ചെന്നൈയിൽ നിന്ന് സാധനങ്ങളെത്തി.

90 ദിവസത്തിനകം പ്രവർത്തനവും തുടങ്ങി.ഉത്പാദനം, വിതരണം തുടങ്ങിയ ചുമതല പെസോയുടെ നോഡൽ ഓഫീസർക്കും ഓരോ സ്ഥലത്തും ആവശ്യമുള്ള ഓക്‌സിജന്റെ അളവുസംബന്ധിച്ച ഡേറ്റയുടെ ചുമതല ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർക്കും നൽകി. കൂടാതെ പ്രതിദിനം തമിഴ്‌നാടിനും കർണാടകത്തിനും ഓക്‌സിജൻ നൽകുന്നുമുണ്ട്. രോഗികൾ, കിടക്കകൾ, ഓക്‌സിജന്റെ ആവശ്യം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പെസോ ഉത്പാദനം ക്രമീകരിച്ചു.പെസോയുടെ നിർദേശമനുസരിച്ച് നൈട്രജൻ, ആർഗൺ സിലിൻഡറുകളും ഡീഗ്യാസ് ചെയ്ത് ഓക്‌സിജൻ നിറച്ചു.പ്രതിദിനമുള്ള ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ട് ആരോഗ്യവകുപ്പ് പെസോയ്ക്കു സമർപ്പിച്ചു. ഇന്ന് ദിവസം 204 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തുണ്ട്.

തിരുവനന്തപുരം: ജൂൺ 30നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഡി.ജി.പി. സ്ഥാനത്തുനിന്നും വിരമിക്കുന്നത്.ഇതോടെ പകരക്കാരനെച്ചൊല്ലി സേനയ്ക്കുള്ളിൽ ചേരിപ്പോര് ആരംഭിച്ചിരിക്കുകയാണ്.ഡി.ജി.പി. സ്ഥാനത്തേക്ക് സാദ്ധ്യത കൽപിക്കപ്പെടുന്ന ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവർക്ക് വേണ്ടിയാണ് ചേരിതിരിഞ്ഞുള്ള നീക്കങ്ങൾ നടക്കുന്നത്. ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ടോമിൻ തച്ചങ്കരിയും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറുമാണ്.പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സുധേഷ് കുമാർ.

പൊലീസ് ഡ്രെെവറെ മർദ്ദിച്ചതിന് സുധേഷ് കുമാറിന്റെ മകൾക്കെതിരെ നടക്കുന്ന ക്രെെബ്രാഞ്ച് കേസ് വേഗത്തിൽ തീർപ്പാക്കാനാണ് പൊലീസ് ആസ്ഥാനത്തെ നീക്കങ്ങൾ. അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് തച്ചങ്കരിക്കെതിരെ പുനരന്വേഷണം നടത്തുകയുമാണ്. ഈ സാഹചര്യത്തിൽ പരസ്പരം സാദ്ധ്യതകൾ തടയാനുള്ള നീക്കങ്ങൾ ഇരുഭാഗത്തും നടക്കുന്നുണ്ട്.തച്ചങ്കരിക്കെതിരായ വിജിലൻസ് പുനരന്വേഷണം, ആദ്യ അന്വേഷണത്തിലെ കണ്ടെത്തലുകൾ തെറ്റെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.

എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി വരുന്നതുവരെ ഈ റിപ്പോർട്ട് കോടതിയിൽ എത്തുന്നത് വൈകിപ്പിച്ച് തച്ചങ്കരിയുടെ സാദ്ധ്യത ഇല്ലാതാക്കാനുളള അണിയറ നീക്കമാണ് നടക്കുന്നത്. ഇരുചേരിയും തമ്മിലെ തർക്കം നീളുകയാണെങ്കിൽ സേനയിലെ അച്ചടക്കം സൂക്ഷിക്കുന്നതിനായി ഡി.ജി.പി. തസ്തികയിലേക്ക് ബി. സന്ധ്യയെ പുതിയ സർക്കാർ പരിഗണിക്കാനും സാദ്ധ്യതയുണ്ട്.

അതേസമയം സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്കുളള പരി​ഗണന പട്ടികയിലുളള ബെഹ്റയ്ക്ക് നറുക്കുവീണാൽ അടുത്ത മാസം അദ്ദേഹം കേരളം വിടും. അങ്ങനെ വന്നാൽ പുതിയ പോലീസ് മേധാവിയെ ഉടൻ കണ്ടെത്തേണ്ടി വരും.സംസ്ഥാനം കേന്ദ്ര സർക്കാരിന് കെെമാറുന്ന ഡി.ജി.പിമാരായി പരിഗണിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നാണ് കേന്ദ്രം പുതിയ പൊലീസ് മേധാവിയെ നിർദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ട 1989 ബാച്ചുവരെയുള്ള ഐ.പി.എസ്. ഉദ്യോ​ഗസ്ഥരുടെ പട്ടിക സംസ്ഥാനം തയ്യാറാക്കി നൽകിയിട്ടുണ്ട്.

pinarayi

മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് പതിനൊന്ന് എം.പിമാർ സംയുക്തമായി കത്ത് നൽകി.

മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്.സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.

സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ 5 നാണ് അദ്ദേഹം മഥുരയിൽ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണം.

ഹേബിയസ് കോർപ്പസ് അപേക്ഷ തീർപ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാനും മഥുരയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും എം.പിമാരായ കെ. സുധാകരൻ,കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി,എൻ.കെ പ്രേമചന്ദ്രൻ,പി വി അബ്ദുൽ വഹാബ് തുടങ്ങിയവർ ചീഫ് ജസ്റ്റീസിനോട് കത്ത് മുഖേന അഭ്യർത്ഥിച്ചു.