പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ബാച്ചുകള്‍ കൂട്ടിയില്ലെങ്കില്‍ സമരമെന്ന് മുന്നറിയിപ്പ്

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സമരം നടക്കുമെന്ന സൂചനയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുന്നോട്ടുവെയ്ക്കുന്നത്. അധിക ബാച്ചുകൾ അനുവദിക്കുക എന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

വിജയശതമാനത്തിന് അനുസരിച്ച് കുട്ടികൾക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല. അതിന് ബാച്ചുകൾ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ ബാച്ചുകൾ അനുവദിച്ചിരുന്നു. ഇപ്പോൾ സർക്കാർ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം. ബാച്ചുകൾ അനുവദിക്കുക എന്നത് മുൻനിർത്തിക്കൊണ്ട് തന്നെ എംഎസ്എഫും യൂത്ത് ലീഗും സമരരംഗത്തുണ്ട്. സർക്കാർ അത് കണ്ടറിഞ്ഞ് ബാച്ച് അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധിയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.