ഊരാളുങ്കലിൽ സർക്കാരിന് 262.87 കോടിയുടെ ഓഹരി

ഊരാളുങ്കൽ സൊസൈറ്റിയിൽ സംസ്ഥാന സർക്കാരിനുള്ളത് 262.87 കോടി രൂപയുടെ ഓഹരി. എന്നാൽ, നാഷനൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷൻ സംസ്ഥാന സർക്കാർ വഴി ഊരാളുങ്കലിനു നൽകിയ വായ്പയുടെ ഭാഗമായുള്ള ഓഹരി മാത്രമാണിതെന്നു സർക്കാർ വിശദീകരിക്കുന്നു. തിരിച്ചടവ് കഴിയുന്നതോടെ ഓഹരി ഇല്ലാതാകുമെന്നാണു വിശദീകരണം. തൊഴിലാളികൾ മാത്രം ഉൾപ്പെട്ട സൊസൈറ്റിയിലെ അംഗങ്ങളുടെ ഓഹരിവിഹിതം 47.47 ലക്ഷം രൂപ മാത്രമാണെന്നും ഇക്കാരണത്താലാണു സർക്കാരിന്റെ വിഹിതം 82 ശതമാനമായതെന്നും വിശദീകരിക്കുന്നു.

പ്രാഥമിക സഹകരണസംഘമായ ഊരാളുങ്കൽ സൊസൈറ്റിയിലെ ഓഹരി താൽക്കാലികമായതിനാൽ സർക്കാരിന് ഭരണസമിതി അംഗത്വം ഉൾപ്പെടെ അധികാരങ്ങളൊന്നുമില്ല. എന്നാൽ, സഹകരണ വകുപ്പ് നടത്തുന്ന ഓഡിറ്റ് ഇവിടെയുമുണ്ട്.സർക്കാരിന് 90 ശതമാനത്തിലധികം ഓഹരിപങ്കാളിത്തമുള്ള ഏപെക്സ് സഹകരണസംഘങ്ങളായ മാർക്കറ്റ് ഫെഡിലും കൺസ്യൂമർ ഫെഡിലുമെല്ലാം സർക്കാരിന്റെ ഒന്നോ രണ്ടോ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. ഇവിടെ ജീവനക്കാരുടെ നിയമനം പിഎസ്‌സി വഴിയാണ്. പ്രത്യേക ഓഡിറ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ,ഏപെക്സ് സംഘത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്കെല്ലാം കൂടി ചെറിയ ഓഹരിവിഹിതമേയുള്ളൂവെങ്കിലും ഭരണസമിതിയുടെ തലപ്പത്ത് സഹകരണസംഘത്തിന്റെ പ്രതിനിധിയാണു വരിക.