ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി

ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി. പഞ്ചാബ് ഗവർണർ ഗവർണർ ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിനെതിരായ ഹർജിയാണ് കോടതി ഇന്നാദ്യം കേട്ടത്. പഞ്ചാബ് ഗവർണർ ബില്ലുകളിൽ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

ഗവർണർമാ‍ർ നടപടി എടുക്കാൻ വൈകുന്നത് എന്തുകൊണ്ട് എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവർണർമാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരളം നല്കിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു. ”ആ‍ർക്കെങ്കിലും അവരുടെ ഉള്ളിൽ സംശയം ഉണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം. ആ സംശയം മാറ്റും” സുപ്രീംകോടതിയിൽ കേരളം ഹർജി നൽകിയതിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമർശത്തിൽ കേരളം സുപ്രീംകോടതിയെ അതൃപ്തി അറിയിച്ചു. വെള്ളിയാഴ്ച ഹർജി പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.