തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലിംലീഗ് മറുകണ്ടം ചാടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലീഗ് മതിൽ ചാടാനിങ്ങനെ മുട്ടിനിൽക്കുകയാണ് പക്ഷേ തത്കാലം അത് നടക്കുന്നില്ല. പക്ഷേ ഉടനെ തന്നെ ചാടുമെന്നതിൽ സംശയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി ഇങ്ങനെ കളിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അവർ കാത്തിരിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ലീഗിന് ചാടാതിരിക്കാൻ പറ്റില്ല. കാരണം വൻഭൂരിപക്ഷത്തോട് കൂടി നരേന്ദ്രമോദി സർക്കാർ വരും. അതുകഴിയുമ്പോഴേക്കും ലീഗ് ചാടും. ഇക്കാര്യം എഴുതിവെച്ചോളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗ് വേലി ചാടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. കണ്ടല ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡന്റ് ഭാസുരാംഗന് മാത്രമല്ല ഒരു മന്ത്രിക്കും പങ്കുണ്ട്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. സിപിഐയുടെ ഒരു ഉന്നത നേതാവിന് മാസം തോറും കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഒരു പ്രത്യേകം തുക അനുവദിച്ചതായും അറിയാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് ഭാസുരാംഗൻ മാത്രം നടത്തിയിട്ടുള്ള തട്ടിപ്പല്ല. മന്ത്രിസഭാംഗങ്ങളും സിപിഐയുടെ ഉന്നതനേതാക്കന്മാരുമൊക്കെ അറിഞ്ഞു കൊണ്ടു നടത്തിയ തട്ടിപ്പാണിതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ഭാസുരാംഗനെതിരെ നടപടി എടുത്തു കൊണ്ട് കണ്ണിൽ പൊടിയിടാമെന്നാണ് ഭരണകക്ഷി വിചാരിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

