പലസ്തീൻ ഐക്യദാർഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവർക്കൊപ്പം സിപിഎം ഉണ്ട്; എം വി ഗോവിന്ദൻ

കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവർക്കൊപ്പം സിപിഎം ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിലസ്തീൻ ഐക്യദാർഢ്യ പരിപാടി ആര്യാടൻ ഫൗണ്ടേഷൻ നടത്തിയാലും മുസ്ലിം ലീഗ് നടത്തിയാലും ആരു നടത്തിയാലും സിപിഎം ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാട് പറയാൻ ധൈര്യമില്ല. ഐക്യദാർഢ്യ പരിപാടി നടത്തിയതിന് ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോൺഗ്രസിന്റെ നിലപാട് വ്യക്തമായി. അഴകൊഴമ്പൻ നിലപാടാണ് കോൺഗ്രസിന്റേത്. ഇപ്പോഴും ആശയ വ്യക്തത ഇല്ലാതെ മുന്നോട്ടു പോവുകയാണ് കോൺഗ്രസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ സിപിഎമ്മിന് ഒരു അവസരവാദ നിലപാടും ഇല്ല. യുദ്ധങ്ങൾക്ക് ഒരു നിയമം ഉണ്ട്. എന്നാൽ, എല്ലാ നിയമങ്ങളെയും അട്ടിമറിച്ച് കൊണ്ടാണ് ക്രൂരമായ കാട്ടാള നിലപാട് ഇസ്രയേൽ എടുക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണ ഉണ്ടെന്ന ഒറ്റ കരുത്തിൽ ആണ് അവർ ഇത്തരം നടപടി സ്വീകരിക്കുന്നത്. ഇസ്രയേൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പലസ്തീനിൽ ഏറ്റവും വലിയ കടന്നാക്രമണം നടത്തിയത് ആശുപത്രികൾ കേന്ദ്രീകരിച്ചാണ്. ഇപ്പോൾ തന്നെ പതിനായിരത്തിലധികം ആളുകളെ ഇസ്രയേൽ കൊന്നൊടുക്കി. അഭയകേന്ദ്രങ്ങളെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ പോലും ഇസ്രയേൽ ബോംബ് ആക്രമണങ്ങൾ നടത്തുകയാണ്. കുട്ടികളെയും സ്ത്രീകളെയും കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. ഒരു ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി ഇസ്രായേൽ പ്രഖ്യാപിക്കുന്നു. വംശീയ ഉന്മൂലനം പ്രാവർത്തികമാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് നടന്ന് കൊണ്ടിരിക്കുന്നു. ഇസ്രയേൽ നടത്തുന്നത് യുദ്ധ നിയമങ്ങൾക്കെതിരായ പ്രവർത്തനങ്ങളാണ്. പലസ്തീന് ജനതയ്ക്ക് സഹിക്കേണ്ടി വരുന്നത് അവർ ഇതുവരെ നേരിടാത്ത പുതിയൊരു സാഹചര്യമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.