തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു. വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, വാർധക്യകാല പെൻഷൻ എന്നിവയ്ക്കായി കേരളത്തിന് നൽകിയത് 604.14 കോടിയാണ്. രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏഴാം ശമ്പളപരിഷ്‌ക്കരണത്തിന്റെ കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 750 കോടി കെടുകാര്യസ്ഥതകൊണ്ട് കേരള സർക്കാർ നഷ്ടപ്പെടുത്തി. പണം ലഭിക്കുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന തീയതി 2022 മാർച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല. ദേശീയ ഭക്ഷ്യസുരക്ഷ ആക്ട് പ്രകാരം 259.63 കോടി കൈമാറിക്കഴിഞ്ഞു. ഇതിൽ കുടിശിക ഇല്ല.
കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കാവശ്യമായ മൂലധന സഹായ ഇനത്തിൽ 1,925 കോടി കിട്ടാനുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇതിന് തടസം. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ട് സെപ്റ്റംബർ 30-ന് മുമ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും നവംബർ ആദ്യ ആഴ്ചയിലും കേരളം ഇത് നൽകിയിട്ടില്ല.തദ്ദേശ സ്ഥാപനങ്ങൾവഴി നൽകുന്ന ഹെൽത് ഗ്രാന്റ് ഇനത്തിൽ ഇതുവരെ (2022 – 23 ) 421.81 കോടി നൽകിയിട്ടുണ്ട്. അവശേഷിക്കുന്നത് 137.17 കോടിയാണ്. അനുവദിച്ച തുക ചെലവഴിക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാലാണ് ബാക്കി തുക കൈമാറാത്തതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം അനുവദിക്കുന്ന തുക കേരള സർക്കാർ പലപ്പോഴും വകമാറ്റി ചെലവഴിക്കുകയോ ലാപ്‌സാക്കുകയോ ചെയ്യുന്നു. പ്രധാനമന്ത്രി മത്സ്യയോജന, വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള ഫണ്ട് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനപ്രകാരം ലഭിച്ച 13,286 കോടിയിൽ 7855.95 മാത്രമാണ് കേരളം ചെലവിട്ടത്. ധനക്കമ്മി ഗ്രാന്റിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേരളത്തിന് നിശ്ചയിച്ച തുക നിശ്ചിത ഗഡുക്കളായി കൃത്യമായി കൈമാറിവരുന്നു. ധനകാര്യ കമ്മീഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യത്തെ 17 സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി ഗ്രാന്റ് നൽകുന്നത്. ഓരോ വർഷവും എത്ര കിട്ടുമെന്ന് ആദ്യ വർഷംതന്നെ സംസ്ഥാന സർക്കാരുകൾക്ക് അറിയാവുന്നതാണ്. ‘ ഇപ്പോൾ കുറച്ചു’ എന്ന് പറയുന്നത് ബോധപൂർവം തെറ്റിദ്ധരിപ്പിക്കലാണ്. രാജ്യത്ത് ഏറ്റവുമധികം റവന്യൂ കമ്മി ഗ്രാന്റ് കിട്ടിയിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും അദ്ദേഹം അറിയിച്ചു.
‘ഓഫ് ബജറ്റ് ബോറോവിങ് ‘ എന്ന പേരിൽ നടത്തുന്ന കടമെടുപ്പിന്റെ തിരിച്ചടവ് ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. ഓരോ സംസ്ഥാനത്തെയും ഇഷ്ടംപോലെ കടമെടുക്കാൻ അനുവദിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരും എന്നതിനാലാണ് ജിഎസ്ഡിപിയുടെ 3% എന്ന പരിധി നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂൺ 30-ന് അവസാനിക്കുമെന്ന് 2017-ൽ തന്നെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ ധാരണയായിരുന്നു. അത് മുൻകൂട്ടിക്കണ്ട് തനത് നികുതി വരുമാനം കൂട്ടാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചില്ല. മാത്രമല്ല, ആറ് വർഷത്തിന് ശേഷം ഇക്കൊല്ലമാണ് സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചത്. പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മിസ്മാനേജ്‌മെന്റും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ഒരു പങ്കുമില്ല. നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെ കേരള ജനത തള്ളുമെന്നുറപ്പാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

